ബോളിവുഡ് താരവും കേന്ദ്രമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ മകനുമായ റിതേശ് ദേശ്മുഖും ഹിന്ദി സിനിമാ നടി ജനീലിയ ഡിസൂസയും വിവാഹിതരായി. മുംബയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഗ്രാന്റ് ഹയാതില്‍ നടന്ന ചടങ്ങിലാണ് ഒമ്പതു വര്‍ഷം നീണ്ട ഇവരുടെ പ്രണയം സഫലമായത്.
വെള്ള നിറത്തിലുള്ള ഷെര്‍വാണി അണിഞ്ഞാണ് റിതേഷ് ദേശ്മുഖ് എത്തിയത്. നീതു ലല്ല ഡിസൈന്‍ ചെയ്ത ചുവന്ന നിറത്തിലുള്ള സാരിയായിരുന്നു ജനീലിയയുടെ വേഷം. വിവാഹത്തിന് ജനീലിയയെ അണിയിച്ചൊരുക്കിയത് ലല്ലയുടെ മകള്‍ നിഷികയാണ്. തികച്ചും മറാത്ത ആചാരപ്രകാരമായിരുന്നു വിവാഹം.
ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്, മാതാവ് ജയാ ബച്ചന്, അജയ് ദേവ്ഗണ്, ഭാര്യ കാജഡോള്, അസിന്, അക്ഷയ് കുമാര്‍, ഷാഹിദ് കപൂര്‍, സുനില്‍ ഷെട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. വ്യവസായ പ്രമുഖന് അനില്‍ അംബാനി, ഭാര്യ ടിന അംബാനി എന്നിവരും ചടങ്ങിനെത്തിയിരുന്നു. കേന്ദ്ര മന്ത്രി ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍, പൃഥ്വിരാജ് ചവാന് തുടങ്ങിയവരും വിവാഹത്തില്‍ പങ്കുകൊണ്ടു.
2003ല്‍ ‘തുച്ചെ മേരി കസം’ എന്ന ചിത്രത്തിലൂടെയാണ് റിതേഷ് ദേശ്മുഖും ജനീലയയും ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പൃഥ്വിരാജ് നായകനായ ‘ഉറുമി’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പരിചിതയാണ് ജനീലിയ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല