തിരനുരയും ചുരുള്‍ മുടിയില്‍ സാഗര സൗന്ദര്യം… അനന്തഭദ്രത്തിലൂടെ മലയാളികള്‍ക്കും പരിചിതയായ താരം റിയ സെന്‍. മുന്‍കാല നായിക സുചിത്ര സെന്നിന്‍റെ ചെറുമകളും മൂണ്‍മൂണ്‍ സെന്നിന്‍റെ മകളുമായ ബംഗാളി സുന്ദരി. ബോളിവുഡില്‍ ഐറ്റം ഡാന്‍സ് ചെയ്യാന്‍ മുന്‍നിര നായികമാര്‍ മത്സരിക്കുമ്പോഴാണ്, തനിക്ക് ഐറ്റം ഡാന്‍സ് ചെയ്യാന്‍ കഴിയില്ലെന്നു റിയ പറയുന്നത്. ഇഷ്രാക് ഷാ സംവിധാനം ചെയ്യുന്ന ഏക് ബുരാ ആദ്മിയില്‍ അരുണോദയ് സിങ്ങിനൊപ്പം ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന് റിയ തുറന്നു പറഞ്ഞു. ഇത് വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് സംവിധായകന്‍.
ഐറ്റം ഡാന്‍സ് ചെയ്യാന്‍ റിയ സമ്മതിച്ചതാണ്. പാട്ടും റെക്കോഡ് ചെയ്തു. ആരക്ഷണില്‍ കൊറിയോഗ്രഫി ചെയ്ത ജയേഷ് പ്രധാന നൃത്തസംവിധാനവും ഏല്‍പ്പിച്ചു. എന്നാല്‍ റിഹേഴ്സല്‍ സമയത്ത് അസുഖമാണെന്ന് റിയ പറഞ്ഞു. ഞാന്‍ ഒരു പുതിയ സംവിധായകനാണ്. ഇത്തരം കാര്യങ്ങള്‍ എന്നെ അതിശയിപ്പിക്കുന്നു. നിര്‍മാതാവിന് ഇതു കാരണം എണ്‍പതു ലക്ഷത്തോളം രൂപ നഷ്ടം വരും. ഈ ഗാനരംഗം എങ്ങനെ ചിത്രീകരിക്കണമെന്ന് അറിയില്ലെന്ന് ഇഷ്രാക് പറയുന്നു.
എന്നാല്‍ ഇതല്ല റിയയ്ക്കു പറയാനുള്ളത്. സംവിധായകന്‍ പബ്ളിസിറ്റിക്കു വേണ്ടി ചെയ്യുന്നതാണ് ഇതെല്ലാം. 4,5 തീയതികളില്‍ ഷൂട്ടിങ് തീരുമാനിച്ചിരുന്ന എന്നെ മൂന്നാം തീയതി തന്നെ വിളിച്ചു. അരുണോദയിന് അന്നു രാത്രി പോകേണ്ടതുണ്ടെന്നും പറഞ്ഞു. എന്നാല്‍ ലൊക്കേഷനില്‍ കാര്യങ്ങള്‍ തീര്‍ത്തും വഷളായി. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകര്‍ ക്യാമറയ്ക്കു മുന്നിലേക്കു വരികയും സംസാരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അത് എതിര്‍ത്തു എന്നതു സത്യമാണെന്ന് റിയ.
റിയയ്ക്കെതിരേ വെറ്ററന്‍ ആക്റ്റര്‍ ദേവ് ആനന്ദും പരാതിപ്പെട്ടിട്ടുണ്ട്. ദേവിന്‍റെ പുതിയ ചിത്രം ചാര്‍ജ് ഷീറ്റില്‍ നായികയായ റിയ, ലൊക്കേഷനില്‍ വൈകിയെത്തുന്നു എന്നാണ് പരാതി. എന്നാല്‍ മൂന്നു വര്‍ഷത്തെ ഷൂട്ടിങ്ങിനിടെ ഒരിക്കല്‍പ്പോലും പറയാത്ത കാര്യം ചിത്രം റിലീസ് ചെയ്യാനിരിക്കെ പറയുന്നത് എന്തര്‍ഥത്തിലാണെന്ന് റിയയും ചോദിക്കുന്നു. ഇഷ്രാക്കുമായുള്ള പ്രശ്നം പരിഹരിക്കാന്‍ റിയയുടെ അമ്മ മൂണ്‍ മൂണ്‍സെന്‍ തന്നെ രംഗത്തു വന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല