സ്വന്തം ലേഖകന്‍: മൂന്നു കൊലപാതകം ചെയ്തെന്ന് പുല്ലു പോലെ ടെലിവിഷന്‍ പരിപാടിക്കിടെ ഏറ്റുപറഞ്ഞ അമേരിക്കന്‍ കോടീശ്വരന് കുടുങ്ങി. റിയല്‍ എസ്റ്റേറ്റ് രംഗത്തെ കോടീശ്വരനായ റോബര്‍ട്ട് ഡര്സ്റ്റാണ് എച്ച്ബിഒയുടെ ഡോക്യുമെന്ററി പരമ്പരയായ ദി ജിന്‍ക്സിന്റെ ചിത്രീകരണത്തിനിടെ താന്‍ മൂന്നു പേരെ തട്ടിയതായി വെളിപ്പെടുത്തിയത്.
പരിപാടിയുടെ ചിത്രീകരണം അവസാനിച്ചു എന്ന ധാരണയില്‍ ഓഫ് ദി കാമറ എന്ന മട്ടിലായിരുന്നു ഏറ്റുപറച്ചില്‍. എന്നാല്‍ ഡ്ര്സ്റ്റിന്റെ കുമ്പസാരം ഓണായിരുന്ന കാമറ പകര്‍ത്തുകയും ദൃശ്യത്തിന്റെ ഓഡിയോ ഞായറാഴ്ച രാത്രിയിലെ എപ്പിസോഡില്‍ പുറത്തു വിടുകയും ചെയ്യുകയായിരുന്നു.
തന്റെ സുഹൃത്തും ഔദ്യോഗിക വക്താവുമായ സൂസന് ബര്മന്, ഡസ്റ്റിന്റെ ആദ്യ ഭാര്യ കാത്തി ഡര്സ്റ്റ്, അയല്‍ക്കാരനായ മോറിസ് ബ്ലാക്ക് എന്നിവരെയാണ് തട്ടിക്കളഞ്ഞതായി ഡര്സ്റ്റ് സമ്മതിച്ചത്. ‘അവരെയെല്ലാം കൊന്നു’ എന്നായിരുന്നു ഡര്സ്റ്റിന്റെ വാക്കുകള്‍. ദുരൂഹമായ സാഹചര്യത്തില്‍ കാണാതായ ആദ്യ ഭാര്യ കാത്തി ഡര്സ്റ്റിനെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല. കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ ഡര്‍സ്റ്റിന് വധശിക്ഷ വരെ ലഭിക്കാം.
കുമ്പസാരം പുറത്തായതോടെ ലോസ് ഏഞ്ചല്‍സ് പോലീസ് ഡര്സ്റ്റിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. എച്ച്ബിഒയിലെ ‘ദി ലൈഫ് ആന്‍ഡ് ഡെത്ത് ഓഫ് റോബര്‍ട്ട് ഡര്സ്റ്റ്’ എന്ന ജിന്‍ക്സ് പരമ്പരയിലെ അവസാന എപ്പിസോഡിന്റെ ചിത്രീകരണത്തിലാണ് ഡര്‍സ്റ്റിന് നാക്കു പിഴച്ചത്. സംഭവം ചാനല്‍ പുറത്തു വിട്ടതോടെ ഡര്സ്റ്റിനെതിരെ കാണാതായ കാത്തിയുടെ കുടുംബാംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല