സ്വന്തം ലേഖകൻ: ‘റോബിന്‍’ ബസിന് വീണ്ടും പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്(എം.വി.ഡി). മുന്‍പ് ചുമത്തിയ പിഴയടക്കം 15,000 രൂപയാണ് പിഴയായി ഈടാക്കിയത്. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് റോബിന്‍ ബസ് തടഞ്ഞ് എം.വി.ഡി. പിഴ ഈടാക്കിയത്. കോയമ്പത്തൂരില്‍നിന്ന് പത്തനംതിട്ടയിലേക്കുള്ള മടക്കയാത്രയ്ക്കിടെ മൈലപ്രയില്‍വെച്ചാണ് എം.വി.ഡി. ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞത്.
തമിഴ്‌നാട് മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തിരുന്ന റോബിന്‍ ബസ് കഴിഞ്ഞദിവസമാണ് പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് പുനരാരംഭിച്ചത്. കഴിഞ്ഞദിവസം ഇരുസംസ്ഥാനങ്ങളിലും മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന ഉണ്ടായിരുന്നില്ല. ബുധനാഴ്ചയിലെ സര്‍വീസിനിടെയും ബസിന് നിരവധിയിടങ്ങളില്‍ സ്വീകരണം ലഭിച്ചിരുന്നു.
ബസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചു ഫെയ്സ്ബുക് പോസ്റ്റിട്ട മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു പുലർച്ചെ പരിശോധന നടന്നത്. ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ചെങ്ങന്നൂർ–പമ്പ സർവീസ് തടയാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും ഗിരീഷ് ആരോപിച്ചു.
തമിഴ്നാട്ടിൽ 1 ലക്ഷത്തോളം രൂപ പിഴയടച്ചാണ് ബസ് പുറത്തിറക്കിയതെങ്കിലും കേരളത്തിൽ ബസുടമകൾ പിഴയടച്ചിട്ടില്ല. അതുകൊണ്ട് ബസ് പിടിച്ചെടുക്കാനാകുമോയെന്ന നിയമവശമാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ ഹൈക്കോടതി റോബിൻ ബസിന്റെ കേസിൽ ചില പരാമർശങ്ങൾ നടത്തിയതോടെ സർക്കാർ പ്രതിരോധത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല