സ്വന്തം ലേഖകൻ: റോബിന്‍ ബസിന്റെ ടൂറിസ്റ്റ് പെര്‍മിറ്റ് റദ്ദാക്കിയ നടപടി 18 വരെ ഹൈക്കോടതി മരവിപ്പിച്ചു. ബസ്സുടമയായ കോഴിക്കോട് സ്വദേശി കിഷോര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ്ങിന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജിയില്‍ വിശദീകരണത്തിന് സര്‍ക്കാര്‍ സമയം തേടി. ഹര്‍ജികള്‍ 18 -ന് പരിഗണിക്കാനിരികെ റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയത് മരവിപ്പിച്ചു
എന്നാല്‍, റോബിന്‍ ബസിന്റെ പെര്‍മിറ്റിന്റെ കാലാവധി നവംബര്‍ 29-ന് കഴിഞ്ഞിരുന്നുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നില്ലെന്ന് കോടതി പറഞ്ഞു. പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ പേരില്‍ പിടിച്ചെടുത്ത രണ്ടു ബസുകള്‍ പിഴ ഈടാക്കി വിട്ടുനല്‍കാനും കോടതി നിര്‍ദേശിച്ചു.
അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുള്ള കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍, റൂട്ട് ബസായി ഓടുന്നത് നിയമവിരുദ്ധമാണെന്ന ഹൈക്കോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അഖിലേന്ത്യാ പെര്‍മിറ്റ് നേടിയാല്‍ സംസ്ഥാനസര്‍ക്കാരിന്റെ അനുമതിയില്ലാതെ എവിടേക്കും സര്‍വീസ് നടത്താമെന്ന ബസുടമകളുടെ വാദം തള്ളുന്നതായിരുന്നു ഈ നിരീക്ഷണം.
തുടര്‍ച്ചയായ നിയമലംഘനം ചൂണ്ടിക്കാട്ടി കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ റോബിന്‍ ബസ് എം.വി.ഡി. പിടിച്ചെടുത്തുത്തിരുന്നു. ഹൈക്കോടതി ഉത്തരവ് മറികടക്കും വിധം തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തിയെന്ന് ചൂണ്ടികാട്ടിയാണ് നടപടി. ബസ് പത്തനംതിട്ട എ.ആര്‍. ക്യാമ്പിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാരുമായി ട്രിപ്പ് നടത്താനുള്ള അനുമതി മാത്രമാണ് ഹൈക്കോടതി വിധിയിലൂടെ റോബന്‍ ബസിന് ലഭിച്ചിട്ടുള്ളതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരു പ്രത്യേക സ്ഥലത്ത് നിന്ന് ഒരുസംഘം ആളുകളെ കയറ്റുകയും മറ്റൊരു നിശ്ചിത സ്ഥലത്ത് യാത്രക്കാരെ ഇറക്കുകയും ചെയ്യണമെന്നാണ് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ നല്‍കുന്ന നിര്‍ദേശം. എന്നാല്‍, ഏത് പോയിന്റില്‍ നിന്നും ആളുകളെ കയറ്റുന്നതിലൂടെ നിയമലംഘനം ആവര്‍ത്തിക്കുന്നുവെന്നതാണ് ബസ് പിടിച്ചെടുക്കാന്‍ കാരണം.
ബസ് പിടിച്ചെടുക്കാന്‍ പാടില്ല എന്ന ഹൈക്കോടതി വിധിയുടെ ലംഘനമാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയിരിക്കുന്നതെന്നാണ് റോബിന്‍ ബസിന്റെ നടത്തിപ്പുക്കാര്‍ ആരോപിച്ചിരുന്നു. ബസിലെ നിയമലംഘനം ചൂണ്ടിക്കാട്ടി ബസിന്റെ ഉടമസ്ഥനെതിരേ മോട്ടോര്‍വാഹന വകുപ്പ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനുപുറമെ, റോബിന്‍ ബസിലെ മൂന്ന് ഡ്രൈവര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടിയും സ്വീകരിക്കുമെന്ന് എം.വി.ഡി. അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല