സ്വന്തം ലേഖകന്‍: ജയിംസ് ബോണ്ടിനെ അനശ്വരനാക്കിയ ബ്രിട്ടീഷ് താരം സര്‍ റോജര്‍ മൂര്‍ ഇനിയില്ല, അന്ത്യം സ്വിറ്റ്‌സര്‍ലന്‍ഡിലെ വസതിയില്‍. 89 വയസായിരുന്നു. ലിവ് ആന്‍ഡ് ലെറ്റ് ഡൈ, ദ സ്‌പൈ ഹൂ ലവ്ഡ് മീ തുടങ്ങിയ ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ 007 എന്ന ബ്രിട്ടീഷ് സീക്രട്ട് സര്‍വീസ് ഏജന്റിനെ ഇതിഹാസമാക്കിയത് റോജര്‍ മൂറാണ്. കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൊണാക്കോയില്‍ സംസ്‌കാരം നടത്തുമെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു.
ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്റായ ജെയിംസ് ബോണ്ടിന്റെ വേഷമണിഞ്ഞ മൂന്നാമത്തെ അഭിനേതാവാണ് റോജര്‍ മൂര്‍. 1973 നും 1985 നും ഇടയില്‍ ഏഴു ബോണ്ട് ചിത്രങ്ങളില്‍ മൂര്‍ 007 ആയെത്തി. ലണ്ടനിലെ സ്‌റ്റോക്ക്‌വെല്ലില്‍ 1927 ഒക്‌ടോബര്‍ 14 നാണു മൂറിന്റെ ജനനം. റോയല്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ട്‌സിലാണു പഠിച്ചത്. 1966ല്‍ സീന്‍ കോണറി താന്‍ ഇനി ബോണ്ട് വേഷം ചെയ്യാനില്ലെന്ന് അറിയിച്ചതോടെയാണ് മൂറിനു വഴി തെളിഞ്ഞത്.
1972ലാണ് ബോണ്ടാകാനുള്ള സമ്മതം നിര്‍മാതാവായ ആല്‍ബര്‍ട്ട് ബ്രക്കോളിയെ അറിയിച്ചത്. 1973ല്‍ ലിവ് ആന്‍ഡ് ലെറ്റ് ഡൈയില്‍ അഭിനയിക്കാനായി മുടി വെട്ടി തൂക്കം കുറച്ച് മൂര്‍ ആദ്യമായി രംഗത്തെത്തി. ഹോപ് ലോബിയ എന്ന രോഗത്തിനടിമയായിരുന്നു റോജര്‍ മൂര്‍. വെടിശബ്ദം കേട്ട് ഭയപ്പെടുന്ന പ്രത്യേക തരം മാനസികാവസ്ഥയാണിത്. എന്നാല്‍ ഇത്തരമൊരു രോഗത്തിനടിമയായിരുന്നിട്ട് കൂടി അതിനെയെല്ലാം അതിജീവിച്ചാണ് ജെയിംസ് ബോണ്ടിനെ അന്വശ്വരമാക്കിയത്.
അമ്പത്തെട്ടാം വയസിലും അദ്ദേഹം ജയിംസ് ബോണ്ടായി അഭിനയിച്ചു. ‘ഏവിയുടു എ ഗില്‍’ എന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന് 58 വയസായിരുന്നു. 1977ല്‍ റിലീസ് ചെയ്ത ”ദ് സ്‌പൈ ഹൂ ലവ്ഡ് മീ”ക്കു മൂന്ന് ഓസ്‌കര്‍ നാമനിര്‍ദേശങ്ങള്‍ ലഭിച്ചു. കലാസംവിധാനം, ഗാനം, സംഗീതം എന്നിവയ്ക്കായിരുന്നു ഓസ്‌കാര്‍ നോമിനേഷന്‍. ”മൂണ്‍ റേക്കര്‍” (1979), ”ഫോര്‍ യുവര്‍ ഐസ് ഒണ്‍ലി’ ‘ (1981), ”ഒക്‌ടോപസി” (1983), ”എ വ്യൂ ടു എ കില്‍” (1985) എന്നിവയാണ് റോജര്‍ മൂറിന്റെ മറ്റുചിത്രങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല