സ്വന്തം ലേഖകന്‍: മ്യാന്മറില്‍ നിന്ന് രണ്ടാഴ്ചക്കുള്ളില്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത് ഒന്നര ലക്ഷം റോഹിംഗ്യന്‍ മുസ്ലീങ്ങളെന്ന് യുഎന്‍, റോഹിംഗ്യകള്‍ തിരിച്ചു വരാതിരിക്കാന്‍ അതിര്‍ത്തിയില്‍ കുഴിംബോംബുകള്‍ സ്ഥാപിച്ച് മ്യാന്മര്‍. റോഹിംഗ്യകളും മ്യാന്മര്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷം ശക്തമായ മ്യാന്‍മറില്‍ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഒന്നര ലക്ഷത്തോളം റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ എത്തിയതായി യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗര്‍ഭിണികളും നവജാത ശിശുക്കളും വൃദ്ധരും അടങ്ങുന്ന സംഘങ്ങളില്‍ പലരും ദിവസങ്ങളായി ഭക്ഷണം പോലും കഴിക്കാതെ കിലോമീറ്റര്‍ നടന്നാണ് അഭയാര്‍ഥി ക്യാംമ്പുകളിലെത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ 250,000 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ബംഗ്ലാദേശിലെത്തിയതായാണ് യുഎന്‍ കണക്ക്. അതേസമയം പലായനം ചെയ്തവര്‍ മ്യാന്‍മറിലേക്കു തിരിച്ചുവരാതിരിക്കാന്‍ അതിര്‍ത്തിയില്‍ കുഴിബോംബ് സ്ഥാപിച്ച മ്യാന്‍മര്‍ ഭരണകൂടത്തിന്റെ നടപടിയില്‍ ബംഗ്ലാദേശ് പ്രതിഷേധിച്ചു.
മ്യാന്‍മര്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ബംഗ്ലാദേശ് പ്രതിഷേധം അറിയിച്ചു. അക്രമവും പീഡനവും മൂലം പൊറുതിമുട്ടി മ്യാന്‍മറില്‍ നിന്നു ബംഗ്ലാദേശിലേക്കു പലായനം ചെയ്ത രോഹിംഗ്യ മുസ്‌ലിംകളില്‍ ഏതാനും പേര്‍ക്ക് ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റു. ആക്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം ശക്തമാകുമ്പോഴും തീവ്രവാദികളായ ചില രോഹിംഗ്യകള്‍ പോലീസ് ചെക്ക്‌പോസ്റ്റുകള്‍ ആക്രമിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നാണു സര്‍ക്കാരിന്റെ നിലപാട്.
രോഹിംഗ്യകള്‍ക്ക് എതിരേ നടക്കുന്ന പീഡനത്തെ അപലപിക്കാന്‍ തയാറാവാത്ത നൊബേല്‍ പുരസ്‌കാര ജേത്രി ഓങ് സാന്‍ സ്യൂകിക്ക് എതിരേ ആഗോളതലത്തില്‍ പ്രതിഷേധം ഉയര്‍ന്നു. സ്യൂകിയുടെ നോബേല്‍ തിരിച്ചെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. റോഹിംഗ്യ പ്രശ്‌നം സംബന്ധിച്ചു പ്രചരിക്കുന്ന വാര്‍ത്തകളില്‍ പലതും വ്യാജമാണെന്ന് കഴിഞ്ഞ ദിവസം സ്യൂകി പ്രതികരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല