സ്വന്തം ലേഖകന്‍: മ്യാന്മറിലേക്ക് തിരിച്ചയക്കുന്നതിനെതിരെ ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ പ്രതിഷേധം കത്തിപ്പടരുന്നു. മ്യാന്മറില്‍ സൈന്യത്തിന്റെയും ബുദ്ധ തീവ്രവാദികളുടെയും നേതൃത്വത്തില്‍ നടക്കുന്ന വംശീയ ഉന്മൂലനത്തെ തുടര്‍ന്ന് പലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ഥികളെ മുഴുവന്‍ രണ്ടുവര്‍ഷത്തിനകം മ്യാന്മറില്‍ തിരിച്ചെത്തിക്കാനായി ബംഗ്ലാദേശ്മ്യാന്മര്‍ സര്‍ക്കാറുകള്‍ ധാരണയിലെത്തിയിരുന്നു. ഇതിനെതിരെയാണ് ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
മ്യാന്മറിലേക്ക് തിരിച്ചുപോകുന്നതിന് തങ്ങള്‍ക്ക് ഒട്ടും താല്‍പര്യമില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. കൊലപാതകവും ബലാത്സംഗവും വീടുകള്‍ കത്തിക്കലും അടക്കമുള്ള ക്രൂരതകള്‍ തങ്ങളോട് കാണിച്ച നാട്ടിലേക്ക് എന്ത് ധൈര്യത്തിലാണ് തിരിച്ചുപോവുക എന്നാണ് അഭയാര്‍ഥികളുടെ ചോദ്യം. തങ്ങളെ പാര്‍പ്പിക്കാന്‍ താല്‍ക്കാലിക ക്യാമ്പുകള്‍ സ്ഥാപിക്കുമെന്ന മ്യാന്മര്‍ സര്‍ക്കാറിന്റെ വാഗ്ദാനത്തെയും അവര്‍ സംശയത്തോടെയാണ് കാണുന്നത്.
‘ഞങ്ങള്‍ക്ക് വേണ്ടത് സുരക്ഷിതമായ താമസ സ്ഥലങ്ങളാണ്. ഞങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ നോക്കിനില്‍ക്കുകയും കൂട്ടുനില്‍ക്കുകയും ചെയ്ത സര്‍ക്കാറിന്റെ നേതൃത്വത്തിലല്ല അത് ഒരുക്കേണ്ടത്. അറാകാനിലേക്ക് ഐക്യരാഷ്ട്രസഭയുടെ സമാധാന സംരക്ഷണസംഘത്തെ അയക്കട്ടെ. ഞങ്ങള്‍ക്ക് പൗരത്വവും മൗലികാവകാശങ്ങളും അനുവദിക്കുകയും വേണം,’ ധാക്കയിലെ കോക്‌സ് ബസാര്‍ മേഖലയിലെ അഭയാര്‍ഥി ക്യാമ്പിലെ അന്തേവാസി മൊഹീബുല്ല പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല