സ്വന്തം ലേഖകന്‍: റോഹിംഗ്യന്‍ പ്രശ്‌നത്തില്‍ ആങ് സാന്‍ സൂകിയുടെ വിവാദമായ മൗനം, സൂകിക്ക് നല്‍കിയ സമാധാന നോബല്‍ തിരിച്ചെടുക്കാനാവില്ലെന്ന് നോബല്‍ അധികൃതര്‍, ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിംഗ്യകളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞതായി യുഎന്‍. സമാധാനത്തിനുള്ള നോബല്‍ പ്രൈസിന് അര്‍ഹയായ സൂകിയില്‍ നിന്ന് പുരസ്‌ക്കാരം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് 3,86,000 പേര്‍ ഒപ്പിട്ട നിവേദനം കഴിഞ്ഞ ദിവസം നോര്‍വീജിയന്‍ നോബല്‍ ഇന്‍സ്റ്റിറ്റിയന്റ്റ്റിന് ലഭിച്ചിരുന്നു.
നോബല്‍ പുരസ്‌ക്കാരത്തിന്റെ സ്ഥാപകനായ ആല്‍ഫ്രഡ് നോബലിന്റെ വില്‍പ്പത്ര പ്രകാരവും നോബല്‍ ഫൊണ്ടേഷന്‍ നിയമപ്രകാരവും ഒരിക്കല്‍ നല്‍കിയ പുരസ്‌ക്കാരം ജേതാവില്‍ നിന്നും തിരിച്ചെടുക്കാനാവില്ലെന്ന് നോര്‍വീജിയന്‍ നോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ വ്യക്തമാക്കി. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി അഹിംസാ മാര്‍ഗത്തിലൂടെ മ്യാന്‍മറിലെ പട്ടാളഭരണത്തനെതിരെ പോരാടിയതിനാണ് 1991ല്‍ സൂകിക്ക് നോബല്‍ സമ്മാനം ലഭിച്ചത്.
പിന്നീട് മ്യാന്‍മറിലെ അനിഷേധ്യയായ നേതാവായി മാറി സൂകി. 2012ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയെ വിജയത്തിലെത്തിക്കാനും സൂകിക്കായി. റോഹിങ്ക്യന്‍ മുസ്‌ളിങ്ങള്‍ക്കെതിരെ മ്യാന്‍മര്‍ ഭരണകൂടം നടത്തുന്ന അതിക്രമങ്ങളിലും സൂകിയുടെ മൗനത്തലും പ്രതിഷേധിച്ചാണ് change.org 386000 പേര്‍ ഒപ്പിട്ട ഓണ്‍ലൈന്‍ നിവേദനം ഇന്‍സ്റ്റിറ്റൂട്ടിന് സമര്‍പ്പിച്ചത്. ഒരിക്കല്‍ സമ്മാനിച്ച പുരസ്‌ക്കാരം തിരിച്ചെടുക്കുക സാധ്യമല്ല എന്നായിരുന്നു ഇതിന് ലഭിച്ച ഉത്തരം.
സ്റ്റോക്‌ഹോമിലും ഓസ്ലോയിലുമുള്ള കമ്മിറ്റികള്‍ ഒരിക്കലും നല്‍കിയ സമ്മാനം തിരിച്ചെടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല എന്നും നോര്‍വീജിയന്‍ നോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ അസോസിയേറ്റഡ് പ്രസിന് അയച്ച ഇ മെയിലില്‍ എഴുതി. അതേസമയം മ്യാന്മറില്‍ നിന്ന് ബംഗ്ലാദേശിലേക്കുള്ള റോഹിംഗ്യന്‍ മുസ്ലീംങ്ങളുടെ പ്രവാഹം തുടരുകയാണ്. മ്യാന്മര്‍ ഭരണകൂടത്തിന്റെ ക്രൂരമായ അടിച്ചമര്‍ത്തലില്‍നിന്ന് രക്ഷതേടി 15 ദിവസത്തിനിടെ മൂന്നു ലക്ഷം റോഹിങ്ക്യന്‍ മുസ്‌ലിംകളാണ് ബംഗ്ലാദേശില്‍ അഭയം തേടിയതെന്ന് യു.എന്‍ വ്യക്തമാക്കി.
ഭക്ഷണവും വെള്ളവും ഇല്ലാതെ നിരാശ്രയരായി കാല്‍നടയായും ബോട്ട് വഴിയുമാണ് കൂടുതല്‍ പേരും അവിടെയെത്തുന്നത്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായി പരിഗണിക്കുന്ന റോഹിങ്ക്യകളെ ഒന്നടങ്കം പുറത്താക്കാനാണ് മ്യാന്മര്‍ ഭരണകൂടത്തിന്റെ ശ്രമം. ഇക്കഴിഞ്ഞ ആഗസ്റ്റ് 25 ന് കലാപം രൂക്ഷമായതിനു ശേഷം റോഹിംഗ്യകള്‍ പരക്കെ ആക്രമിക്കപ്പെടുകയും അവരുടെ വീടുകളും സ്ഥാപനങ്ങളും നശിപ്പിക്കപ്പെടുകയും ചെയ്യുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല