1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2023

സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വിലയേറിയ കാറെന്ന ബഹുമതി സ്വന്തമാക്കി റോള്‍സ് റോയ്‌സിന്റെ ‘ലാ റോസ് നോയര്‍’. ഏകദേശം 211 കോടി രൂപ (25 ദശലക്ഷം ഡോളര്‍) എന്ന അമ്പരപ്പിക്കുന്ന വിലയാണ് ഈ കാറിന്. പേരു വെളിപ്പെടുത്താത്ത ഫ്രാന്‍സുമായി അടുത്ത ബന്ധമുള്ള ശതകോടീശ്വരിക്കു വേണ്ടിയുള്ള സമ്മാനമായാണ് ഈ അപൂര്‍വ വാഹനം റോള്‍സ് റോയ്‌സ് നിര്‍മിച്ചത്.

ഒരു റോസാപൂവില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ് രണ്ട് ഡോര്‍, രണ്ട് സീറ്റര്‍ വാഹനമായ ലാ റോസ് നോയറിന്റെ രൂപകല്‍പന. 2000ത്തില്‍ ഫ്രാന്‍സിലാണ് ഹൈബ്രിഡ് റോസായ ബ്ലാക്ക് ബക്കാറ റോസ് ആദ്യമായി പൂവിടുന്നത്. ചുവപ്പു വെല്‍വെറ്റിന് സമാനമായ ഇതളുകളായിരുന്നു ഇതിന്. പ്രകാശത്തിന് അനുസരിച്ച് നിറത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവുമെന്ന ഈ പൂവിന്റെ സവിശേഷത ലാ റോസ് നോയറിനുമുണ്ട്.

റോള്‍സ് റോയ്‌സ് പുറത്തിറക്കുന്ന നാല് ഡ്രോപ്‌ടെയില്‍ കാറുകളിലൊന്നാണ് ലാ റോസ് നോയര്‍. കാലിഫോര്‍ണിയയിലെ പെബിള്‍ ബീച്ചില്‍ വെച്ചു നടന്ന സ്വകാര്യ ചടങ്ങിലാണ് ഈ വാഹനം റോള്‍സ് റോയ്‌സ് ഉടമകള്‍ക്ക് കൈമാറിയത്. ഇപ്പോഴും ആരാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ വാഹനം സ്വന്തമാക്കിയതെന്ന് ഔദ്യോഗികമായി പുറത്തുവിടാന്‍ റോള്‍സ് റോയ്‌സ് തയ്യാറായിട്ടില്ല.

നാലു വര്‍ഷത്തിലേറെ സമയമെടുത്താണ് ഈ ലാ റോസ് നോയര്‍ നിര്‍മിച്ചത്. ഈ സമയത്തെല്ലാം കാര്‍ രൂപകല്‍പനയില്‍ വേണ്ട മാറ്റങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളുമായി കാറുടമകളുടെ പ്രത്യേക സംഘവും റോള്‍സ് റോയ്‌സ് ടീമിനൊപ്പമുണ്ടായിരുന്നു. 150 തവണയോളം പരീക്ഷിച്ചാണ് ബ്ലാക്ക് ബക്കാറ റോസിന് സമാനമായ നിറം കണ്ടെത്തിയത്.

റോള്‍സ് റോയ്‌സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണമായ രീതിയിലാണ് കാറിന്റെ മരംകൊണ്ടുള്ള തറ നിര്‍മിച്ചിരിക്കുന്നത്. ഇതിനായി പ്രത്യേകം നിര്‍മിച്ച ത്രികോണാകൃതിയിലുള്ള 1,603 മരക്കഷണങ്ങള്‍ സൂഷ്മമായി സജ്ജീകരിക്കുകയായിരുന്നു. റോസാപൂവിന്റെ ഇതളുകള്‍ വിതറിയിട്ടിരിക്കുന്ന രീതിയിലാണ് ഈ കാറിന്റെ തറ നിര്‍മിച്ചിരിക്കുന്നത്. ഇതിനു മാത്രം രണ്ടു വര്‍ഷത്തോളം സമയമെടുത്തു.

ഉള്ളിലെ കാബിനില്‍ സ്വിസ് കമ്പനിയുടെ ആഡംബര വാച്ചുണ്ട്. ഇത് ആവശ്യമെങ്കില്‍ റിസ്റ്റ് വാച്ചായും ഉപയോഗിക്കാനാവും. കൈകൊണ്ടു മിനുക്കിയെടുത്ത 202 സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ലോഹ പാളികളാണ് മുന്നിലെ ഗ്രില്ലെയിലുള്ളത്. ഇതിന്റെ ഉള്‍ഭാഗത്ത് പ്രത്യേകം ചുവപ്പു നിറം നല്‍കിയിരിക്കുന്നു. മുകള്‍ഭാഗം തുറക്കാനാവുന്ന കാറാണ് ലാ റോസ് നോയര്‍. മുകള്‍ ഭാഗം നിര്‍മിച്ചിരിക്കുന്ന ഇലക്ട്രോമാഗ്നെറ്റിക് ചില്ലുകള്‍കൊണ്ടാണ്. ഇത് ഒരു സ്വിച്ച് ഞെക്കിയാല്‍ സുതാര്യമാക്കാനും അതാര്യമാക്കാനും സാധിക്കും.

22 ഇഞ്ച് ചക്രങ്ങളുള്ള വാഹനത്തിന് 6.6 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. 593bhp കരുത്തു പുറത്തെടുക്കാന്‍ സാധിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് അല്ലെങ്കില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നു. അഞ്ചു സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കാനാവും. പരമാവധി വേഗത 250 കിലോമീറ്റര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.