സ്വന്തം ലേഖകൻ: തുടർച്ചയായ ദിവസങ്ങളിൽ വിവിധ രാജ്യങ്ങളുടെ വ്യോമാതിർത്തിക്കുള്ളിൽ അജ്ഞാത വസ്തുക്കൾ പ്രത്യക്ഷപ്പെടുന്നത് വലിയ ആശങ്കയായിട്ടുണ്ട്. കഴിഞ്ഞ ദിവസം റൊമാനിയ, അയൽരാജ്യമായ മോൾഡോവ എന്നിവിടങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ ബലൂൺ പോലുള്ള അജ്ഞാത വസ്തുക്കൾ കണ്ടതായി റിപ്പോർട്ട് ചെയ്യുന്നു.
റൊമാനിയയിലും അയൽരാജ്യമായ മോൾഡോവയിലും ചൊവ്വാഴ്ചയാണ് കാലാവസ്ഥാ ബലൂൺ പോലുള്ള വസ്തുക്കൾ ആകാശത്ത് സഞ്ചരിക്കുന്നത് കണ്ടത്. കാലാവസ്ഥാ ബലൂൺ പോലെ തോന്നിക്കുന്ന ഒരു ആകാശ വസ്തു രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ പറക്കുന്നത് വ്യോമസേനയുടെ നിരീക്ഷണ സംവിധാനം കണ്ടെത്തിയതായി റൊമാനിയ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
രണ്ട് മിഗ് 21 ലാൻസ്ആർ ജെറ്റുകൾ തെക്ക് കിഴക്കൻ റൊമാനിയയിലെ പ്രദേശത്ത് നിരീക്ഷണം നടത്തിയെങ്കിലും വസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്നും മന്ത്രാലയം അറിയിച്ചു. ഏകദേശം 11,000 മീറ്റർ ഉയരത്തിലായിരുന്നു അജ്ഞാത വസ്തു പറന്നിരുന്നത്.
അതേസയമം, അജ്ഞാത വസ്തുവിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വന്നതോടെ മോൾഡോവയിലെ വ്യോമ പാതകൾ കുറച്ചു നേരത്തേക്ക് അടച്ചിട്ടു. യുക്രെയ്ൻ അതിർത്തിയോട് ചേർന്നുള്ള രാജ്യത്തിന്റെ വടക്ക് ഭാഗത്ത് കാലാവസ്ഥാ ബലൂണിനോട് സാമ്യമുള്ള ഒരു ചെറിയ വസ്തു കണ്ടതായി പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ട് ലഭിച്ചതിന് ശേഷമാണ് നടപടിയെടുത്തതെന്ന് മോൾഡോവയുടെ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല