ഫ്രാന്‍സില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയ വില്യം രാജകുമാരന്റെ പത്‌നി കേറ്റ് മിഡില്‍ടണിന്റെ ടോപ്പ്‌ലെസ്സ് ചിത്രം പ്രസിദ്ധീകരിച്ചതിന് ഫ്രഞ്ച് മാഗസീനായ ക്ലോസറിന്റെ പ്രസാധകര്‍ക്ക് എതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സെന്റ് ജെയിംസ് പാലസ് വ്യക്തമാക്കി. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയതിനാണ് നിയമനടപടികള്‍ സ്വീകരിക്കുക. മാഗസീന്‍ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിടാതിരിക്കാനായി രാജ ദമ്പതകള്‍ നിയമനടപടികള്‍ ആരംഭിച്ച് കഴിഞ്ഞതായാണ് വിവരം. ക്ലോസര്‍ മാഗസീന്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് രണ്ട് യുഎസ് സെലിബ്രിറ്റി ഗോസിപ്പ് വെബ്ബ്‌സൈറ്റുകള്‍ കൂടി കേറ്റിന്റെ ടോപ്‌ലെസ്സ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വില്യമും കേറ്റും അവധിക്കാല ആഘോഷത്തിനായി എത്തിയ പ്രഭൂ മന്ദിരത്തില്‍ നിന്നും അര മൈല്‍ ദൂരത്ത് നിന്നാണ് ഫോട്ടോഗ്രാഫര്‍മാര്‍ ചിത്രം പകര്‍ത്തിയിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍മാരുടെ സ്ഥാനം സംബന്ധിച്ച് സ്ഥിരീകരണം വന്നതോടെയാണ് കേറ്റും വില്യമും നിയമനടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഫ്രാന്‍സിലെ കോടതിയില്‍ ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ച് കഴിഞ്ഞതായി സെന്റ് ജെയിംസ് കൊട്ടാരത്തില്‍ നിന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ സ്ഥിരീകരിച്ചു.
കേറ്റിന്റെ സ്വകാര്യ ചിത്രങ്ങള്‍ ഫ്രഞ്ച് മാഗസീന്‍ പകര്‍ത്തിയതും പുറത്തുവിട്ടതും ദുഖകരമായ സംഭവമായിപ്പോയെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രതികരിച്ചു. എലിസബത്ത് രാജ്ഞിയുടെ അനന്തരവന്‍ വിസ്‌കോണ്ട് ലിന്‍ലിയുടെ പേരിലുളളതാണ് ദമ്പതികള്‍ താമസിച്ചിരുന്ന പ്രഭുമന്ദിരം. കഴിഞ്ഞ ആഴ്ചയാണ് പാപ്പരാസികള്‍ കേറ്റിന്റെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച പരാതി കിട്ടിയതായി പാരീസിലെ നാന്‍ടെറേയിലുളള ലോക്കല്‍ ട്രിബ്യൂണലും സ്ഥീരീകരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഇതിന്റെ പ്രാഥമിക വാദം നടക്കുമെന്ന് നിയമവൃത്തങ്ങള്‍ അറിയിച്ചു.
വാദത്തിന് കേറ്റും വില്യമും ഹാജരാകില്ല. പകരം പാരീസിലെ അഭിഭാഷകനായിരിക്കും ഇരുവരേയും പ്രതിനിധീകരിക്കുക. ഇദ്ദേഹത്തെ സഹായിക്കാനായി നിയമവിദഗ്ദ്ധരുടെ ഒരു സംഘവും ഉണ്ടായിരിക്കും. കുറ്റം തെളിക്കപ്പെട്ടാല്‍ ക്ലോസര്‍ മാഗസീന്റെ എഡിറ്റര്‍ ലോറന്‍സ് പീയുവിനും ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഒരു വര്‍ഷത്തെ തടവും 45,000 യൂറോ പിഴയും ലഭിച്ചേക്കാം. എന്നാല്‍ ഇത്രയേറെ പ്രശ്‌നങ്ങളുണ്ടാക്കാന്‍ മാത്രമുളളതൊന്നും ആ ചിത്രത്തിലില്ലെന്നാണ് എഡിറ്ററായ പിയൂവിന്റെ മറുപടി.
പ്രഭു മന്ദിരത്തിന് എതിര്‍വശത്തുളള താഴ്‌വരയിലെ റോഡില്‍ നിന്നാണ് ചിത്രം എടുത്തിരിക്കുന്നതെന്ന് കരുതുന്നു. അരമൈല്‍ ദൂരത്തുളള ഈ റോഡില്‍ നില്‍ക്കുന്നവരെ പ്രഭു മന്ദിരത്തില്‍ നില്‍ക്കുന്നവര്‍ക്ക് കാണാന്‍ കഴിയില്ല. എന്നാല്‍ താഴെയുളള പ്രഭുമന്ദിരത്തില്‍ നില്‍ക്കുന്നവരെ റോഡില്‍ നില്‍ക്കുന്നവര്‍ക്ക് കാണാം. ലോംഗ് ലെന്‍സ് ഉപയോഗിച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നതെന്ന് വിദഗ്ദ്ധരായ ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നു. ലാസ് വാഗാസിലെ ഹാരി രാജകുമാരന്റെ നഗ്നചിത്ര വിവാദത്തിന് വിരുദ്ധമായി കൊട്ടാരത്തില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും മറ്റ് മാധ്യമങ്ങളില്‍ നിന്നും കേറ്റിന് അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നത്. ഏഷ്യന്‍ ടൂറിന്റെ ഭാഗമായി ക്വാലാലംപൂരിലാണ് വില്യമും കേറ്റും ഇപ്പോഴുളളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല