ക്രിസ് ഗെയ്ലിന്റെ കൊടുങ്കാറ്റില്‍ സോമര്‍സെറ്റ് കടപുഴകി. വിജയിക്കാന്‍ 207 വേണ്ടിയിരുന്ന അവരുടെ ഇന്നിങ്സ് ആറിന് 155 എന്ന നിലയില്‍ അവസാനിച്ചു. 51 റണ്‍സിന്റെ വമ്പന്‍ ജയത്തോടെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ് ചാംപ്യന്‍സ് ലീഗ് ട്വന്റി20യില്‍ സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി. മൂന്നു കളിയില്‍ ബാംഗ്ലൂരിന്റെ ആദ്യ ജയം. ഗെയ്ല് 86 റണ്‍സെടുത്തു.
സ്കോര്‍: ബാംഗ്ലൂര്‍- ആറിന് 206. സോമര്‍സെറ്റ് ആറിന് 155.
വലിയ സ്കോര്‍ പിന്തുടര്‍ന്ന സോമര്‍സെറ്റിനു മികച്ച തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല. 11 ഒാവറില്‍ മൂന്നിന് 109 എന്ന നിലയില്‍ നിന്ന അവര്‍ക്ക് പിന്നീടുള്ള ഒന്‍പത് ഒാവറുകള്‍ വരള്ച്ചയുടേതായി. ട്രെഗോ 38 പന്തില്‍ 58 റണ്‍സെടുത്തു. കീസ് വെറ്റര്‍ (26) മാത്രമേ പിന്തുണ നല്കിയുള്ളൂ. അരവിന്ദ്, വെട്ടോറി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ഗെയ്ല് അടിച്ചുകൂട്ടിയ 86 റണ്‍സിന്റെ കരുത്തിലാണ് ബാംഗ്ലൂര്‍ ഇന്നിങ്സ് കരുപ്പിടിപ്പിച്ചത്. 46 പന്തില്‍ നിന്ന് എട്ടു സിക്സറുകളുമായി ആളിക്കത്തിയ ഗെയ്ല് നാലു ബൌണ്ടറികളും നേടി. സെഞ്ചുറിയിലേക്കുള്ള കുതിപ്പിനിടെ അല്‍ഫോന്‍സോ തോമസിന്റെ പന്തില്‍ ഡോക്റെല്ലിനു പിടികൊടുത്താണു ഗെയ്ല് മടങ്ങിയത്. വിരാട് കോഹ്ലി (22 പന്തില്‍ 33), തിലകരത്നെ ദില്ഷന് (16 പന്തില്‍ 23), അഗര്‍വാള്‍ (എട്ടു പന്തില്‍ 19) എന്നിവരും കരുത്തു കാട്ടി.
ആദ്യവിക്കറ്റില്‍ ദില്ഷനുമൊത്തു 4.3 ഒാവറില്‍ 38; രണ്ടാം വിക്കറ്റില്‍ കോഹ്ലിക്കൊപ്പം 6.4 ഒാവറില്‍ 70… മറുവശത്തു കൂട്ടാളികള്‍ മാറുമ്പോഴും ഗെയ്ല് അക്ഷോഭ്യനായി. ഇക്കുറി ചാംപ്യന്‍സ് ലീഗ് ട്വന്റി20യിലെ ഉയര്‍ന്ന സ്കോറാണു ബാംഗ്ലൂര്‍ കുറിച്ച 206. ഒരിന്നിങ്സിലെ ഏറ്റവുമധികം സിക്സറുകളും അവരുടെ പേരിലായി – 14 എണ്ണം. സോമര്‍സെറ്റിനായി തോമസ്, കിര്‍ബി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടിയത് സോമര്സെറ്റായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല