സ്വന്തം ലേഖകൻ: ലോകമൊട്ടാകെ തരംഗമുണ്ടാക്കിയ ഗാനമാണ് ഓസ്കർ പുരസ്കാരം സ്വന്തമാക്കിയ നാട്ടു നാട്ടു. രാജമൗലി ചിത്രം ആർ.ആർ.ആറിലെ ഈ ഗാനത്തിന് നിരവധി ആരാധകരാണുള്ളത്. നാട്ടു നാട്ടുവിന് ചുവടുവെക്കുന്നത് ഒരിടയ്ക്ക് ട്രെന്റ് ആയിരുന്നു. ഇപ്പോഴിതാ നാട്ടു നാട്ടുവിന് ചുവടുവെക്കുന്ന യുക്രെയ്ൻ സെെനികരുടെ വീഡിയോ വെെറലാവുകയാണ്.
ഗാനത്തിന് ചുവടുവെക്കുന്നത് സെെനിക വേഷധാരികളല്ല, യഥാർഥ സൈനികരാണന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാട്ടു നാട്ടുവിന്റെ വരികൾ ഇവർ മാറ്റിയിട്ടുണ്ട്. റഷ്യയുമായുള്ള യുദ്ധ സാഹചര്യമാണ് വരികളിലൂടെ വിവരിക്കുന്നത്. യഥാർഥ പാട്ടിലില്ലാത്ത ചില രംഗങ്ങളും കൂട്ടിച്ചേർത്തിട്ടുണ്ട്.
രാംചരണും ജൂനിയര്‍ എന്‍.ടി.ആറും മല്‍സരിച്ച് ചുവടുവച്ച ആർ.ആർ.ആറിലെ ഗാനരംഗം ചിത്രീകരിച്ചത് യുക്രെയ്ന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുന്നിലാണെന്നത് പ്രത്യേകതയാണ്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് മാസങ്ങൾക്ക് മുൻപായിരുന്നു ചിത്രീകരണം. കീരവാണിയായിരുന്നു സംഗീതം.
ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ഫാന്റസിയുടെ അകമ്പടിയില്‍ രാജമൗലി ആർ.ആർ.ആറിൽ അവതരിപ്പിച്ചത്. രാമരാജുവായി രാംചരണ്‍ തേജയും ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറുമാണ് എത്തിയത്. ആലിയാ ഭട്ട്, ശ്രീയാ ശരണ്‍, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റുവേഷങ്ങളിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല