സ്വന്തം ലേഖകൻ: പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്‌കര്‍വേദിയില്‍ ഇന്ത്യ തലയുയര്‍ത്തി നിന്നു. അത്യധികം അഭിമാനത്തോടെ. ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിലൂടെ ഓസ്‌കര്‍ പുരസ്‌കാരം ഒരിക്കൽ കൂടി ഇന്ത്യയിലേക്ക്. അങ്ങനെ 95-ാമത് ഓസ്‌കറില്‍ ഇന്ത്യയും തിളക്കമാര്‍ന്ന സാന്നിധ്യമായി.
2008-ലാണ് ഇന്ത്യക്ക് ഇതിനുമുമ്പ് ഓസ്‌കര്‍ ലഭിക്കുന്നത്. അന്ന് സ്ലംഡോഗ് മില്ല്യണയറിലൂടെ എ.ആര്‍.റഹ്‌മാന്‍, ഗുല്‍സാര്‍, റസൂല്‍ പൂക്കുട്ടി എന്നിവരായിരുന്നു ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാനുള്ള വകനല്‍കിയത്. മികച്ച ഗാനം, ഒറിജിനല്‍ സ്‌കോര്‍, സൗണ്ട് മിക്‌സിങ് എന്നിവയ്ക്കായിരുന്നു പുരസ്‌കാരം.മികച്ച ഗാനത്തിനുള്ള പുരസ്‌കാരം റഹ്‌മാനും ഗുല്‍സാറും പങ്കുവെച്ചു. അതിനുശേഷം 14 വര്‍ഷമെടുത്തു ഇന്ത്യക്ക് ഓസ്‌കര്‍ ശില്പത്തില്‍ കൈതൊടാനുള്ള ഭാഗ്യം കൈവരാന്‍.
ഗോള്‍ഡന്‍ ഗ്ലോബിന്റെ സുവര്‍ണശോഭയിലാണ് സംഗീത സംവിധായകന്‍ എം.എം. കീരവാണി ഓസ്‌കര്‍ പുരസ്‌കാരം സ്വീകരിക്കാന്‍ വേദിയിലേക്ക് നടന്നടുത്തത്. ഒപ്പം വികാരഭരിതനായി ഗാനരചയിതാവ് ചന്ദ്രബോസും. പുരസ്‌കാരസ്വീകരണത്തിന് ശേഷം നടത്തിയ ചെറുപ്രസംഗത്തിന് ശേഷം ഇരുവരും വേദിക്ക് പുറത്തേക്ക്.
പുറത്തിറങ്ങിയ നാള്‍ മുതല്‍ തന്നെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ ഗാനമായിരുന്നു നാട്ടു നാട്ടു. നാട്ടു എന്നാല്‍ നൃത്തമെന്നാണ് അര്‍ത്ഥം. ആന്ധ്രയിലെ ചരിത്രപുരുഷന്മാരായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ആര്‍.ആര്‍.ആര്‍. രണ്ടുകാലങ്ങളില്‍ ജീവിച്ചിരുന്നു ഇവര്‍ ഒരുമിച്ച് കണ്ടാല്‍ എങ്ങനെയിരിക്കും എന്നതിന്റെ ചലച്ചിത്ര ആവിഷ്‌കാരമായിരുന്നു ചിത്രം. രാമരാജുവിന്റെയും ഭീമിന്റെയും സൗഹൃദം വെളിവാക്കുന്ന ഗാനം കൂടിയായിരുന്നു നാട്ടു നാട്ടു. രാഹുല്‍ സിപ്ലിഗഞ്ജും കാലഭൈരവയുമായിരുന്നു ഗായകര്‍.
പുറത്തിറങ്ങിയ എല്ലാ ഭാഷകളിലും ഗാനം തരംഗമായി. റീലുകളിലൂടെ ഗാനം സോഷ്യല്‍ മീഡിയ ഭരിച്ചു. രാം ചരണിന്റെയും ജൂനിയര്‍ എന്‍.ടി.ആറിന്റെയും നൃത്തച്ചുവടുകള്‍ പലതവണ അനുകരിക്കപ്പെട്ടു. വിദേശ രാജ്യങ്ങളില്‍ റിലീസ് ചെയ്തപ്പോള്‍ ലഭിച്ച മികച്ച പ്രതികരണം ഓസ്‌കറിലേക്കുള്ള ആര്‍.ആര്‍.ആറിന്റെ പ്രയാണം ഒന്നുകൂടി എളുപ്പമാക്കി. സ്പീല്‍ബര്‍ഗിനേയും ജെയിംസ് കാമറൂണിനേയും പോലുള്ള വമ്പന്‍ സംവിധായകരുടെ അഭിപ്രായവും ചിത്രത്തെ കൂടുതല്‍ പേരിലേക്കെത്തിച്ചു. ഇതിനിടെയായിരുന്നു നാട്ടു നാട്ടുവിനെ തേടി ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരമെത്തിയത്.
ഇത്തരത്തിലൊരു ഗാനം ആവിഷ്‌കരിച്ചതിന് സംവിധായകന്‍ എസ്. എസ്. രാജമൗലിക്കും തിരക്കഥാകൃത്ത് വിജയേന്ദ്രുപ്രസാദിനും നൃത്തസംവിധായകന്‍ പ്രേംരക്ഷിതിനും ആവോളം അഭിമാനിക്കാം. മൂന്ന് പതിറ്റാണ്ടോളം നീണ്ടുനിന്ന സംഗീതജീവിതത്തില്‍ ഈ ഓസ്‌കര്‍ പുരസ്‌കാരം കീരവാണിയെ സംബന്ധിച്ചിടത്തോളം ഇരട്ടിമധുരം കൂടിയാണ്. യുവജനതയുടെ പള്‍സറിഞ്ഞ് ഒരു അറുപത്തൊന്നുകാരന്‍ ഒരുക്കിയ ചടുലഗാനം ഇനി ലോകത്തിന്റെ നെറുകയില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല