സ്വന്തം ലേഖകന്‍: കണ്ണൂരില്‍ വീണ്ടും ചോരക്കളി, ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ വെട്ടിക്കൊന്നു, കേരളത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. പിണറായിയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി ഹര്‍ത്താലാചരിക്കാന്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആഹ്വാനം ചെയ്തു.
രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആസ്?പത്രി, മെഡിക്കല്‍ സ്റ്റോര്‍, പാല്‍, പത്രം എന്നിവയെ ഒഴിവാക്കി. ശവസംസ്‌കാരത്തിന് പോകുന്നവര്‍, വിമാനത്താവളത്തിലേക്ക് പോകുന്നവര്‍, വിവാഹം, ഹജ്ജ്, ശബരിമല തീര്‍ഥാടകര്‍ എന്നിവരേയും ഒഴിവാക്കിയിട്ടുണ്ട്.
ചാവശേരിയില്‍ ഉത്തമന്റെ മകന്‍ രമിത് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു കൊലപാതകം. സ്ഥലത്തെ പെട്രോള്‍ പമ്പിന് സമീപത്തുവച്ചാണ് രമിതിനു നേര്‍ക്ക് ആക്രമണമുണ്ടായത്. പെട്രോള്‍ പമ്പില്‍ പതിയിരുന്ന അക്രമികള്‍ രമിത്തിന്റെ തലയ്ക്കും കഴുത്തിന് വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രമിത്തിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണമടഞ്ഞിരുന്നു. കൊലപാതകത്തിനു പിന്നില്‍ സി.പി.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു.
കൂത്തുപറമ്പ് പടുവിലായി സി.പി.എം ബ്രാഞ്ച് സെക്രട്ടറി മോഹനനെ വെട്ടിക്കൊലപ്പെടുത്തിയത് രണ്ടു ദിവസം മുന്‍പായിരുന്നു. ഇതിനു പിന്നാലെ മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. നിരവധി വീടുകളും ആക്രമിക്കപ്പെട്ടു. സംഘര്‍ഷം പരിഗണിച്ച് കൂത്തുപറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. നാലു മാസത്തിനുള്ളില്‍ കണ്ണൂരില്‍ നടക്കുന്ന ഏഴാമത്തെ രാഷ്ട്രീയ കൊലപാതകമാണ് രമിതിന്റേത്.
രമിതിന്റെ പിതാവ് ഉത്തമനും രാഷ്ട്രീയ പകപോക്കലിന്റെ ഇരയായി കൊല്ലപ്പെടുകയായിരുന്നു. 2002 ലുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിലാണ് ഉത്തമനെ വെട്ടിക്കൊന്നത്. ബസില്‍ യാത്ര ചെയ്ത ഉത്തമനെ ബസ് തടഞ്ഞുനിര്‍ത്തി വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല