സ്വന്തം ലേഖകന്‍: ഇന്ത്യന്‍ താരം വിരാട് കോലിയോട് കോര്‍ക്കുന്നത് സൂക്ഷിച്ചു വേണമെന്ന് ക്രിക്കറ്റ് ലോകത്തിലെ പരസ്യമായ രഹസ്യമാണ്. ചൂടനായ കോലിയുടെ വായിലിരിക്കുന്നത് കേള്‍ക്കേണ്ടി വരുമെന്ന് മാത്രമല്ല ചിലപ്പോള്‍ രണ്ടെണ്ണം കിട്ടിയെന്നും വരും.
കളിക്കളത്തിലായാലും പുറത്തായാലും ഉരുളക്കുപ്പേരിയാണ് കോലിയുടെ രീതി. എതിരാളികളോടായാലും കാണികളോടായാലും ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്റെ പ്രതികരണം എന്നും മാധ്യമങ്ങളുടെ പ്രിയപ്പെട്ട വാര്‍ത്തയാണ്. ഈ ലോകകപ്പില്‍ തന്നെ പരിശീലനത്തിനിടെ വിദേശ മാധ്യമ പ്രവര്‍ത്തകനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതിന് കോലിക്ക് ടീം മാനേജ്‌മെന്റ് വക താക്കീത് കിട്ടിയിരുന്നു.
ബോളിവുഡ് നടി അനുഷ്‌ക ശര്‍മയുമായുള്ള കോലിയുടെ ബന്ധത്തെ കുറിച്ച് നേരത്തെ മാധ്യമ പ്രവര്‍ത്തകന്‍ വാര്‍ത്ത നല്‍കി എന്നാരോപിച്ചാണ് കോലി തട്ടിക്കയറിയത്. എന്നാല്‍ പിന്നീട് ആളുമാറിപ്പോയി എന്ന് വ്യക്തമായപ്പോള്‍ മാപ്പു പറയാനും കോലി തയ്യാറായി.
എന്നാല്‍ ബംഗ്ലാദേശിനെതിരെ ക്വാര്‍ട്ടര്‍ മത്സരത്തില്‍ തന്റെ ശാന്തത കൊണ്ട് കോലി എല്ലാവരേയും ഞെട്ടിച്ചു കളഞ്ഞു. വെറും മൂന്ന് റണ്‍സിന് കോലിയെ പുറത്താക്കിയ ബംഗ്ലാദേശ് ബോളര്‍ റൂബല്ലിന്റെ ആഹ്ലാദ പ്രകടനം അല്പം അതിരു കടന്നതായിരുന്നു. കോലി പുറത്തായപ്പോള്‍ ആര്‍പ്പു വിളിച്ച റൂബല്‍ അവിടം കൊണ്ടും നിര്‍ത്തിയില്ല. കോലിക്കൊപ്പം പവലിയന്‍ വരെ നടക്കാന്‍ തുനിഞ്ഞ റൂബലിനെ സഹകളിക്കാര്‍ തടയുകയായിരുന്നു.
എന്നാല്‍ റൂബലിന്റെ അമിതാവേശം കണ്ടതേ ഇല്ലെന്ന ഭാവത്തില്‍ ശാന്തനായി പവലിയനിലേക്ക് നടക്കുകയായിരുന്നു കോലി. ഇതെന്തു കോലി എന്ന് ആശ്ചര്യപ്പെടുകയാണ് ആരാധകരും സഹകളിക്കാരും. ഇനി ശരിക്കും അനുഷ്‌ക ശര്‍മ ഇഫെക്ട് പ്രവര്‍ത്തിച്ചു തുടങ്ങിയോ എന്നും സംശയമുണ്ട്. പക്ഷെ കോലിയോട് അത് ചോദിക്കാന്‍ പോയാല്‍!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല