1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2012


ഓണത്തിനു ഒന്നാമതു ഓടിയെത്താന്‍ തീയറ്ററുകളില്‍ എത്തിയ ജോഷി- മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ‘റണ്‍ ബേബി റണ്‍’ ബര്‍മിംഗ്ഹാമിലെ സിനിമാപ്രദര്‍ശനശാലകളിലും തകര്‍ത്തോടാന്‍ ഒരുങ്ങുന്നു.

യുവതാരങ്ങളെ അണിനിരത്തി കഴിഞ്ഞ ഓണത്തിനു തീയറ്ററുകളിലെത്തിയ സെവന്‍സിനു ശേഷം ജോഷി സൂപ്പര്‍താരം മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് റണ്‍ ബേബി റണ്‍. റോയിട്ടേഴ്‌സ് തുടങ്ങിയ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ക്കു വേണ്ടി ജോലിയെടുത്ത് പ്രശസ്തനായ വേണു(മോഹന്‍ലാല്‍), ഒരു പ്രമുഖ വാര്‍ത്താ ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററും വേണുവിന്റെ കാമുകിയുമായ രേണുക(അമല പോള്‍), ‘മദര്‍’ ചാനലിലെ പണി ഉപേക്ഷിച്ച് സ്വന്തം ചാനല്‍ തുടങ്ങി കുടുക്കിലായ ഋഷികേശ്(ബിജു മേനോന്‍) ഇന്ദ്രപ്രഥത്തിലെ അധികാരത്തിന്റെ ഇടനാഴികളില്‍ പണമെറിഞ്ഞു ചരടുവലി നടത്തുന്ന രാജന്‍ കര്‍ത്ത(സിദ്ധിഖ്) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളുടെ വേഷണിയിച്ച് സമകാലിക വാര്‍ത്താ മാധ്യമങ്ങളുടെ ജീര്‍ണതയും കോര്‍പ്പറേറ്റ് രാഷ്ട്രീയവും പ്രമേയമാക്കി കഥ പറയുകയാണ് സച്ചി എഴുതിയ തിരക്കഥയിലൂടെ ജോഷി.

വലിയൊരു രാഷ്ട്രീയ അഴിമതിയേക്കുറിച്ച് ലഭിക്കുന്ന സ്‌കൂപ്പ്, വേണുവും രേണുകയും വളരെ സാഹസികമായി കാമറയില്‍ ചിത്രീകരിക്കുന്നു. വേണുവിന്റെ സുഹൃത്തായ ഋഷികേശിന്റെ പുതിയ ചാനലിന്റെ ലോഞ്ചിംഗില്‍ എയറില്‍ പോകാനുള്ള ബ്രേക്കിംഗ് ന്യൂസായിരുന്നു അത്. എന്നാല്‍ നിമിഷങ്ങള്‍ മാറിമറിഞ്ഞപ്പോള്‍ കഥയാകെ മാറി, മൂവരുടെയും ജീവിതം തിരിച്ചുവിടാന്‍ പോന്ന ഒരു സംഭവമായി ഇതു മാറുകയായിരുന്നു. വേണുവും രേണുകയും അപ്രതീക്ഷിതമായി കണ്ടുമുട്ടുകയും ഒടുവില്‍ ജീവിതം തിരിച്ചുപിടിക്കാന്‍ ഇരുവരും ഒരുഘട്ടത്തില്‍ ഒരുമിക്കുകയും ചെയ്യുന്നിടത്താണ് കഥ തുടങ്ങുന്നതും, അവസാനിക്കുന്നതും.

ആക്ഷന്‍ ത്രില്ലര്‍ ചിത്രങ്ങളുടെ ഈ നൂറ്റാണ്ടിലെ ചാണക്യന്‍ എന്നു വിശേഷിപ്പിക്കാവുന്ന ജോഷി, പതിവു ക്ലീഷേകളുണ്ടെങ്കിലും അമിത കെട്ടുകാഴ്ചകളില്ലാതെ സച്ചി എഴുതിയ തിരക്കഥ ഫ്രെയിമിലാക്കി. ഇതിലെ കഥയും വളഞ്ഞുതിരിഞ്ഞു പുളഞ്ഞു നീങ്ങുന്ന കഥാഗതിയുമെല്ലാം ഇതിനുമുമ്പ് വന്ന പല ജോഷി ചിത്രങ്ങളിലും കണ്ടിട്ടുള്ളത് തന്നെ. എന്നാല്‍ വില്ലന്‍മാരെ അഞ്ചു മിനിട്ടു നീണ്ട സംഘട്ടനത്തിലൂടെ തല്ലിയൊതുക്കുന്ന സാഹസങ്ങളൊന്നും എന്തായാലും റണ്‍ ബേബി റണ്ണില്‍ കാണാനാകില്ല. നായകനും നായികയും തമ്മിലുള്ള സ്ഥിരം പ്രേമ സല്ലാപങ്ങളും സൗന്ദര്യപ്പിണക്കങ്ങളും ഇതിലുമുണ്ടെങ്കിലും ലാല്‍- ബിജു കൂട്ടുകെട്ടിന്റെ രസങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ചിത്രത്തിന്റെ കാമറാമാന്‍ ആര്‍.ഡി. രാജശേഖറിനെ നമിക്കണം. അത്ര ഭംഗിയായാണ് അദ്ദേഹം രാത്രിദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. നായകന്റെ നിഴല്‍ മാത്രമായി പോകുന്ന നായികയുടെ ദുര്‍ഗതി ഏതായാലും ഈ സിനിമയില്‍ അമല പോളിനില്ല. സച്ചി വളരെ ഭംഗിയായാണ് കഥാപാത്രങ്ങളെ ക്രമപ്പെടുത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രത്തോളം തന്നെ അമല പോളിന്റെ രേണുകയ്ക്കും പ്രധാന്യം ലഭിച്ചു. അതേസമയം, സായ്കുമാറിനും സിദ്ധിഖിനും പതിവ് ശൈലി വേഷങ്ങളില്‍ ഒതുങ്ങേണ്ടിവന്നു. ഏതായാലും അവതരണത്തിലെ തമാശകളും കൗതുകവും ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ പ്രേക്ഷകനെ തീയറ്ററില്‍ നിന്നു ഇറങ്ങിയോടാന്‍ പ്രേരിപ്പിക്കില്ലെന്ന് ഉറപ്പ്. അമിത പ്രതീക്ഷകളൊന്നുമില്ലാതെ ടിക്കറ്റെടുത്താല്‍, ഈ ഓണക്കാലത്ത് കാണാന്‍ കൊള്ളാവുന്ന പടം എന്ന ഒറ്റ വാചകത്തില്‍ റണ്‍ ബേബി റണ്ണിനെ ഒതുക്കാം.

ബര്‍മിംഗ്ഹാമിലെ എര്‍ഡിംഗ്ടണിലുള്ള ഷോക്കേസ് സിനിമാസിലാണ് (Kingsbury Road Birmingham B24 9QE) റണ്‍ ബേബി റണ്‍ എത്തുന്നത്. സെപ്റ്റംബര്‍ എട്ടിന് ശനിയാഴ്ച രാത്രി ഏഴിനും തുടര്‍ന്ന് പത്തിനുമാണ് ഷോ. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനും വൈകിട്ട് ആറിനും റണ്‍ ബേബി റണ്‍ ബര്‍മിംഗ്ഹാമില്‍ പ്രദര്‍ശിപ്പിക്കും. പത്തു വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കു ടിക്കറ്റ് സൗജന്യമായിരിക്കും. ടിക്കറ്റ് ബുക്കു ചെയ്യുന്നതിനായി – 020 3393 3373 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Address

Showcase Cinemas
Kingsbury Road Birmingham B24 9QE

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.