ഹിറ്റ്മേക്കര്‍ ജോഷി വീണ്ടും സജീവമാകുന്നു. മോഹന്‍ലാല്‍ ചിത്രവുമായാണ് ജോഷിയുടെ വരവ്. ഈ മാസം 20ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ തിരക്കഥ സച്ചി – സേതു ടീമിലെ സച്ചിയാണ്. ചിത്രത്തിന് പേര് – ‘റണ്‍ ബേബി റണ്‍’. മോഹന്‍ലാലിന് തെന്നിന്ത്യയിലെ പ്രശസ്ത നായിക അമല പോള്‍ ജോഡിയായി എത്തുന്നു എന്നതാണ് ഈ സിനിമയുടെ പ്രധാന പ്രത്യേകത. കോമഡിയും ആക്ഷനും കുടുംബ പശ്ചാത്തലവുമെല്ലാമുള്ള ഒരു ത്രില്ലറാണ് റണ്‍ ബേബി റണ്‍.
മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ ഒരു ടി വി ചാനല്‍ ക്യാമറാമാനായാണ് അഭിനയിക്കുന്നത്. അമല പോള്‍ ആ ചാനലിലെ സീനിയര്‍ എഡിറ്ററാകുന്നു. ഇവര്‍ തമ്മിലുള്ള രസകരമായ ബന്ധവും ഒരു പ്രത്യേക ദൌത്യത്തിലേക്ക് ഇവര്‍ ഒരുമിച്ചെത്തുന്നതുമാണ് സിനിമയുടെ ഹൈലൈറ്റ്. സെവന്‍സിന് ശേഷം ജോഷി ഒരുക്കുന്ന ചിത്രമാണിത്. സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളായിരിക്കും ചിത്രത്തിലുണ്ടാവുക എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
തമിഴകത്ത് നമ്പര്‍ വണ്‍ നായികയായി മാറിയ അമല പോള്‍ മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന കൊമേഴ്സ്യല്‍ ചിത്രമാണ് റണ്‍ ബേബി റണ്‍. മുമ്പ് നീലത്താമരയില്‍ ഒരു ചെറിയ വേഷത്തില്‍ അമല എത്തിയിരുന്നു. ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘ആകാശത്തിന്‍റെ നിറ’ത്തിലും നായിക അമലയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല