
സ്വന്തം ലേഖകൻ: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം റൺവേ അറ്റകുറ്റപ്പണികള്‍ക്കായി നാല് മാസത്തേക്ക് പകല്‍ അടച്ചിടുന്നു. നവംബര്‍ 20 മുതല്‍ മാര്‍ച്ച് 28 വരെയാണ് വിമാനത്താവളം അടച്ചിടുന്നത്. ഈ ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട് ആറു വരെ വിമാന സര്‍വിസുകള്‍ ഉണ്ടാകില്ല. സര്‍വിസുകള്‍ ഇതിനോടകം പുനഃക്രമീകരിച്ചിട്ടുണ്ട്.
നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് ആകെ 260 സര്‍വിസാണു ദിവസമുള്ളത്. ഇതിൽ നാല് ആഭ്യന്തര സര്‍വിസുകളും ഒരു രാജ്യാന്തര സര്‍വിസും മാത്രമാണ് പകൽസമയത്ത് റൺവേ അടച്ചിടുന്നതു മൂലം റദ്ദാക്കുക. മറ്റു സർവിസുകൾ വൈകീട്ട് ആറിന് ശേഷത്തേക്കു പുനക്രമീകരിച്ചു.
റണ്‍വേ റീകാര്‍പ്പറ്റിങ്ങിനു വേണ്ടിയാണ് വിമാനത്താവളം പകല്‍ അടച്ചിടുന്നത്. 150 കോടി രൂപയോളം ചെലവഴിച്ചാണ് റണ്‍വേ പുതുക്കുന്നത്. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും റണ്‍വേ പുതുക്കണമെന്ന് ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശമുണ്ട്. ഇത് രണ്ടാം തവണയാണ് നെടുമ്പാശേരി വിമാനത്താവളത്തിന്റെ റീകാര്‍പ്പറ്റിങ് നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല