സ്വന്തം ലേഖകൻ: ഇന്ത്യയും യുഎഇയും കഴിഞ്ഞ ഫെബ്രുവരിയില്‍ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറിലൂടെ ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശ പണം ഒഴുകിയെത്തി. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 1400 കോടി ഡോളറിന്റെ വര്‍ധനവ് ഈ വര്‍ഷം ഉണ്ടായതായി ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോളറിന് പകരം രൂപയിലും ദിര്‍ഹത്തിലും ഉഭയകക്ഷി വ്യാപാരം അനുവദിക്കുന്നതാണ് കരാര്‍.
ഡോളറിന്റെ അപ്രമാദിത്തം കുറയ്ക്കാനും ഇരു രാജ്യങ്ങളുടെയും കറന്‍സികള്‍ ശക്തിപ്പെടുത്താനും ഇത് ഉപകരിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരു രാജ്യങ്ങളും പ്രാദേശിക കറന്‍സികളില്‍ ഇടപാട് നടത്താന്‍ അനുമതി നല്‍കുന്ന കരാര്‍ ഒപ്പുവച്ചത്. ഓണ്‍ലൈന്‍ പെയ്‌മെന്റ് സൗകര്യങ്ങളും ആരംഭിച്ചിരുന്നു. യുഎഇക്ക് പിന്നാലെ സൗദി അറേബ്യയുമായും ഇന്ത്യ സമാനമായ വ്യാപാര കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. രൂപയിലും റിയാലിലും പരസ്പര ഇടപാടുകള്‍ ഇത് സാധ്യമാക്കുന്നു.
പേയ്മെന്റ് സംവിധാനങ്ങള്‍ ബന്ധിപ്പിച്ചതും വിദേശത്ത് നിന്ന് കൂടുതല്‍ പണം വരാന്‍ സഹായകമായി. ഇടപാടുകള്‍ എളുപ്പമായതോടെ ഔദ്യോഗിക ചാനല്‍ വഴിയുള്ള വിനിമയം വര്‍ധിച്ചു. അനൗദ്യോഗിക ഇടപാടുകള്‍ കുറയുകയും ചെയ്തു.
എന്നാല്‍, ആഗോളതലത്തില്‍ പണപ്പെരുപ്പം വര്‍ധിക്കാനുള്ള സാധ്യതയുള്ളതിനാല്‍ 2023നെ അപേക്ഷിച്ച് 2024ല്‍ നേട്ടം കുറയുമെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തല്‍. വളര്‍ച്ചാ നിരക്ക് കുറയുന്നത് പ്രവാസി പണത്തിന്റെ വരവിനെ ബാധിച്ചേക്കുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ തോത് ഓരോ വര്‍ഷവും ഉയരുകയാണ്. ഈ വര്‍ഷം പൂര്‍ത്തിയാവുന്നതോടെ 12500 കോടി ഡോളര്‍ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്ന് ശതമാനം കൂടുതലാണിത്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസി പണം വരുന്ന രാജ്യം ഇന്ത്യയാണ്. ചൈന ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ വളരെ പിന്നിലാണ്.
പ്രവാസികളിലൂടെ ഇന്ത്യ വലിയ നേട്ടം കൊയ്യുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏതൊക്കെ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് കൂടുതല്‍ പണം വരുന്നത്, എന്താണ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കാരണം എന്നീ കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
125 ബില്യണ്‍ ഡോളര്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മെക്സിക്കോയിലേക്ക് എത്തുന്ന പ്രവാസി പണം 67 ബില്യണ്‍ ഡോളറാണ്. മൂന്നാം സ്ഥാനത്തുള്ള ചൈനയിലേക്ക് 50 ബില്യണ്‍ ഡോളറാണ് എത്തിയത്. 40 ബില്യണ്‍ ഡോളറുമായി ഫിലിപ്പീന്‍സ് നാലാം സ്ഥാനത്തും 24 ബില്യണ്‍ ഡോളറുമായി ഈജിപ്ത് അഞ്ചാം സ്ഥാനത്തുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല