സ്വന്തം ലേഖകന്‍: നോട്ടു നിരോധനം രൂപക്ക് തിരിച്ചടിയാകുന്നു, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താണ നിലയില്‍. ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്ജ്ജച്ചതിനൊപ്പം രാജ്യത്തെ മൂലധന വിപണിയില്‍നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിയുന്നതും രൂപയ്ക്ക് വിനയായി. വ്യാഴാഴ്ച രൂപയുടെ മൂല്യം ഡോളറിനെതിരേ 30 പൈസ ഇടിഞ്ഞ് 68.86ലെത്തി.
ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുന്നതോടെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നികുതി പരിഷ്കാരങ്ങള്‍ ഡോളറിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് വിപണിയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി കൂടി കണക്കിലെടുത്താല്‍ രൂപയുടെ മൂല്യം ആദ്യമായി 70 മറികടക്കുമെന്ന സൂചനയാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്നത്.
നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു ശേഷം രൂപയുടെ മൂല്യത്തില്‍ ഇതുവരെ മൂന്നു ശതമാനത്തോളം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ 13,000 കോടി രൂപയുടെ ഓഹരികളാണ് ഇക്കാലയളവില്‍ വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്.
ബുധനാഴ്ച്ച വ്യാപാരമവസാനിപ്പിക്കുമ്പോള് ഡോളറിനെതിരെ രൂപയുടെ മൂല്യം 68.56 ആയിരുന്നു. വ്യാഴാഴ്ച്ച വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ 27 പൈസ കുറയുകയും ചെയ്തു. ചൈനം തുര്‍ക്കി, ഫിലിപ്പീന്‍സ്, സൗത്ത് ആഫ്രിക്ക എന്നിവരുടെ കറന്‍സികളും ഡോളറിന്റെ മുന്നേറ്റത്തിനു മുന്നില്‍ കിതക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല