സ്വന്തം ലേഖകന്‍: അമേരിക്കയുടെ ഉപരോധം തങ്ങള്‍ക്കെതിരായ വാണിജ്യ യുദ്ധമാണെന്ന് റഷ്യ, ട്രംപ് ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും വിമര്‍ശനം. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്തിടെ ഒപ്പുവച്ച ഉപരോധത്തിലൂടെ വന്‍ വാണിജ്യയുദ്ധത്തിനാണ് കാളമൊരുങ്ങുന്നതെന്ന് റഷ്യ വ്യക്തമാക്കി. ഈ നീക്കം ആഗോള സാമ്പത്തികസ്ഥിരതയെ ബാധിക്കുമെന്നും ഇന്ധനത്തിനു വേണ്ടിയുള്ള സംഘര്‍ഷത്തിലേക്ക് നയിക്കുമെന്നും റഷ്യയുടെ മുന്നറിയിപ്പില്‍ പറയുന്നു.
പുതിയ ഉപരോധത്തിനുള്ള ബില്ലില്‍ ട്രംപ് ഒപ്പുവെച്ചതിന്റെ പശ്ചാത്തലത്തിലാണ് റഷ്യയുടെ രൂക്ഷ പ്രതികരണം.റഷ്യക്കെതിരായ വ്യാപാര യുദ്ധമാണിതെന്നും ട്രംപ് ഭരണകൂടം അതിന്റെ ഏറ്റവും അപഹാസ്യമായ പാതയിലൂടെയാണ് നീങ്ങുന്നതെന്നും റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദെവ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇതോടെ യു.എസിലെ പുതിയ ഭരണകൂടവുമായുള്ള ബന്ധം മെച്ചപ്പെടുത്താമെന്ന പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്. റഷ്യയു.എസ് ബന്ധം ബറാക് ഒബാമയുടെ കാലത്തേതിനേക്കാള്‍ സുദൃഢമാവുമെന്ന ധാരണയിലായിരുന്നു റഷ്യന്‍ ഭരണകൂടം.
അതേസമയം, ട്രംപ് റഷ്യക്കെതിരായ പുതിയ ഉപരോധത്തില്‍ അസംതൃപ്തനാണെന്നും എന്നിട്ടും ബില്ലില്‍ ഒപ്പുവെക്കുകയായിരുന്നെന്നും മെദ്‌വദെവ് പറഞ്ഞു. തങ്ങള്‍ രാജ്യത്തിന്റെ വികസനത്തിനും സാമൂഹിക പുരോഗതിക്കുമായി ശാന്തരായി പണിയെടുക്കും. എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് തങ്ങള്‍ പഠിച്ചു കഴിഞ്ഞതായും മെദ്‌വദെവ് ഫേസ്ബുക്കില്‍ കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല