സ്വന്തം ലേഖകന്‍: റഷ്യയില്‍ നിന്ന് അമേരിക്ക വരെ ഇനി മുതല്‍ കാറോടിച്ച് പോകാം. 12,400 മൈല്‍ നീളം വരുന്ന റഷ്യ അമേരിക്ക സൂപ്പര്‍ ഹൈവേ നിലവില്‍ വരുന്നതോടെയാണിത്. റഷ്യയുടെ പടിഞ്ഞാറെ അറ്റത്തു നിന്നും തുടങ്ങുന്ന ഹൈവേ അമേരിക്കയിലെ അലാസ്‌കയില്‍ അവസാനിക്കും.
ഹൈവേ നിലവിലുള്ള ഹൈവേ സംവിധാനവുമായി ബന്ധിപ്പിക്കുന്നതോടെ യുകെയില്‍ നിന്ന് റോഡുമാര്‍ഗം യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയും കടന്ന് അമേരിക്കയില്‍ എത്താന്‍ കഴിയും. ഹൈവേക്ക് സമാന്തരമായി ഒരു ട്രാന്‍സ് സൈബീരിയന്‍ റയില്‍വേ ലൈനും എണ്ണ, വാതക പൈപ്പ് ലൈനുകളും സ്ഥാപിക്കാനും പദ്ധതിയുണ്ട്.
റഷ്യയെ ലോക ഗതാഗതത്തിന്റെ കേന്ദ്രമാക്കാനുള്ള റഷ്യന്‍ സര്‍ക്കാരിന്റെ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ് ഹൈവേ. ഹൈവേ യാഥാര്‍ഥ്യമാകുന്നതോടെ ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ പ്രധാന വിശ്രമ കേന്ദ്രങ്ങളായി റഷ്യന്‍ നഗരങ്ങള്‍ മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വാഹനങ്ങളുടേയും സഞ്ചാരികളുടേയും തിരക്ക് വര്‍ധിക്കുന്നതോടെ റഷ്യയുടെ സമ്പദ്‌വ്യവസ്ഥയും വിനോദ സഞ്ചാര മേഖലയും മെച്ചപ്പെടുമെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ റഷ്യയിലെ മിക്കവാറും പ്രദേശങ്ങളില്‍ റോഡുണ്ടെങ്കിലും ചിലതെല്ലാം വളരെ മോശം അവസ്ഥയിലാണെന്ന് പദ്ധതിയുടെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
ബ്രിട്ടനില്‍ നിന്ന് ഫ്രാന്‍സിലേക്കും റഷ്യയില്‍ നിന്ന് അമേരിക്കയിലേക്കും കടലിനടിയിലൂടെ രണ്ട് തുരങ്കങ്ങളാണ് ഹൈവേക്കുണ്ടാവുക. കോടിക്കണക്കിന് ചെലവു വരുന്ന പദ്ധതിയാണ് ഇതെങ്കിലും ഹൈവേ നിലവില്‍ വന്നാലുണ്ടാകുന്ന സാമ്പത്തിക നേട്ടങ്ങള്‍ ചെലവിനേക്കാള്‍ എത്രയോ മടങ്ങ് അധികമായിരിക്കുമെന്ന് ഒരു പഠനം വ്യക്തമാക്കുന്നു.
നേരത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ റഷ്യയുടെ കിഴക്കന്‍ പ്രദേശങ്ങളിലൂടെ കാറില്‍ യാത്ര ചെയ്തിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണമായിരുന്നു ഉദ്ദേശമെങ്കിലും യാത്ര പുടിന് ഉപദ്രവമാണുണ്ടാക്കിയത്. റോഡിന്റെ മോശം അവസ്ഥ കാരണം ഒരു ട്രെക്കില്‍ കെട്ടി വലിക്കുന്ന പുടിന്റെ കാറിന്റെ ചിത്രം ഏറെ പരിഹസിക്കപ്പെടുകയും റഷ്യന്‍ റോഡുകളുടെ മോശം അവസ്ഥയുടെ പ്രതീകമാകുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല