സ്വന്തം ലേഖകന്‍: ലോകം അവസാനിപ്പിക്കാന്‍ ശേഷിയുള്ള ആണവ സുനാമിയുമായി റഷ്യ; തയ്യാറാക്കുന്നത് ഭ്രാന്തന്‍ ആയുധമെന്ന് വിദഗ്ദര്‍. ആണവായുധത്തെ വഹിക്കാന്‍ ശേഷിയുള്ള അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ (യുയുവി) ആണ് റഷ്യ വികസിപ്പിച്ചിരിക്കുന്നത്. 100 മെഗാടണ്‍ വരെ ഭാരമുള്ള ആണവ പോര്‍മുനയുമായി ടോര്‍പിഡോ വിക്ഷേപിക്കാനുള്ള ശേഷിയുള്ള ഈ ആയുധത്തിന് നാവിക കേന്ദ്രങ്ങളും അന്തര്‍വാഹിനികളില്‍ റോന്തു ചുറ്റുന്ന സൈനിക സംഘങ്ങളെയുമെല്ലാം തരിപ്പണമാക്കാന്‍ കഴിയും.
ഗ്രീക്ക് പുരാണ പ്രകാരം കടലിന്റെയും ഭൂകമ്പങ്ങളുടെയും രാജാവായ പൊസൈഡനിന്റെ പേരാണ് ഈ ടോര്‍പിഡോ വാഹിനിക്കു നല്‍കിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതിനു പിന്നാലെ ആണവവിദഗ്ധര്‍ വിശേഷിപ്പിച്ചത് ‘ഭ്രാന്തന്‍’ ആയുധമെന്നാണ്. യുയുവിയുടെ ഗൈഡന്‍സ് സിസ്റ്റവും സ്വയം നിയന്ത്രിച്ചു മുന്നോട്ടു പോകാനുള്ള ശേഷിയും പരിശോധിക്കാനുള്ള സമുദ്രത്തിനടിയിലെ പരീക്ഷണം കഴിഞ്ഞയാഴ്ച റഷ്യ ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
പൊസൈഡന്‍ വൈകാതെ തന്നെ പ്രവര്‍ത്തനക്ഷമമാകുമെന്ന അറിയിപ്പ് റഷ്യന്‍ പ്രതിരോധ വകുപ്പു തന്നെയാണു പ്രസ്താവനയിലൂടെ പുറത്തുവിട്ടത്. ഇതിന്റെ വിഡിയോയും റഷ്യ പുറത്തുവിട്ടിട്ടുണ്ട്. ഓഷ്യന്‍ മള്‍ട്ടി പര്‍പ്പസ് സിസ്റ്റം സ്റ്റാറ്റസ് 6 എന്നും അറിയപ്പെടുന്ന ഈ യുയുവിക്ക് ‘കാന്യന്‍’ എന്ന വിളിപ്പേരുമുണ്ട്. യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങളാണു പൊസൈഡനെ കാന്യനെന്നു വിശേഷിപ്പിക്കുന്നത്. സ്വയം പ്രവര്‍ത്തനശേഷിയുള്ള ആണവ ടോര്‍പിഡോയാണു പൊസൈഡനിലുള്ളത്.
തികച്ചും ‘ലളിതമായ’ ലക്ഷ്യമാണു ടോര്‍പിഡോയ്‌ക്കെന്നാണു റഷ്യയുടെ അവകാശവാദം. തുറമുഖങ്ങളില്‍ സ്‌ഫോടനം നടത്തുക, അതുവഴി തീരം യാതൊരു വിധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം വര്‍ഷങ്ങളോളം നിലനില്‍ക്കുന്ന ‘റേഡിയോ ആക്ടീവ്’ വികിരണം പരത്തുക എന്നിവയാണ് ഈ ആയുധത്തിന്റെ ലക്ഷ്യമെന്ന് വിദഗ്ദര്‍ പറയുന്നു. സൂനാമിക്കു ശേഷം ഉപയോഗ ശൂന്യമായ തുറമുഖത്തിനു സമാനമായിരിക്കും ഈ ടോര്‍പിഡോയുടെ ആക്രമണത്തിനു ശേഷമുള്ള തീരപ്രദേശമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല