സ്വന്തം ലേഖകന്‍: മൂന്നു ലക്ഷം സൈനികരും ആയിരം യുദ്ധവിമാനങ്ങളും 80 യുദ്ധക്കപ്പലുകളും 36,000 സൈനിക വാഹനങ്ങളും; ലോകത്തെ അമ്പരപ്പിച്ച് റഷ്യയുടെ സൈനിക ശക്തിപ്രകടനം. ശീതയുദ്ധകാലത്തിനുശേഷമുള്ള ഏറ്റവും വലിയ സൈനികാഭ്യാസമായ വോസ്റ്റോക് 2018 ല്‍ റഷ്യന്‍ സൈനികര്‍ക്കു പുറമേ മംഗോളിയന്‍, ചൈനീസ് സൈനികരും പങ്കെടുക്കുന്നണ്ട്. വിദൂര പൂര്‍വ റഷ്യയില്‍ ആരംഭിച്ച സൈനികാഭ്യാസം 17നു സമാപിക്കും.
മൂന്നു ലക്ഷം സൈനികരും ആയിരം യുദ്ധവിമാനങ്ങളും 80 യുദ്ധക്കപ്പലുകളും ടാങ്കുകള്‍ ഉള്‍പ്പെടെ 36,000 സൈനിക വാഹനങ്ങളും പങ്കെടുക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു പറഞ്ഞു. റഷ്യക്കെതിരെ പാശ്ചാത്യര്‍ ആക്രമണോത്സുക നിലപാടു സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണു സൈനികാഭ്യാസമെന്നു ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
വന്‍ സംഘര്‍ഷത്തിനുള്ള ഒരുക്കമാണ് വോസ്റ്റോക്2018 എന്നു നാറ്റോ പ്രതികരിച്ചു. ജപ്പാന്‍ സമുദ്രം, ബെറിംഗ് ഉള്‍ക്കടല്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടെ ഒന്പതു കേന്ദ്രങ്ങളിലായാണ് സൈനികാഭ്യാസം നടത്തുന്നത്. വിദൂര പൂര്‍വ റഷ്യന്‍ നഗരമായ വ്‌ളാഡിവോസ്റ്റോക്കില്‍ ഇന്നലെ സാമ്പത്തിക ഉച്ചകോടിക്ക് ആതിഥ്യം വഹിച്ച പ്രസിഡന്റ് പുടിന്‍ സൈനികാഭ്യാസ പ്രകടനം വീക്ഷിക്കാന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല