1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2023

സ്വന്തം ലേഖകൻ: റഷ്യയിലേക്ക് വരുന്ന വിദേശികള്‍ ആഭ്യന്തരമന്ത്രാലയം തയ്യാറാക്കുന്ന പുതിയ നിയമങ്ങള്‍ അനുസരിച്ച് ദേശഭക്തി പ്രതിജ്ഞയില്‍ ഒപ്പുവയ്ക്കണമെന്ന് റിപ്പോർട്ട്. യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമങ്ങളെ വിമര്‍ശിക്കില്ലെന്നതാണ് ഈ ദേശഭക്തി പ്രതിജ്ഞയുടെ പ്രധാന ഉള്ളടക്കം. 2024-ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വിയോജിപ്പുകള്‍ക്കെതിരേ റഷ്യന്‍ സര്‍ക്കാന്‍ വലിയതോതിലുള്ള അടിച്ചമര്‍ത്തലുകള്‍ നടത്തുന്നത്. ഈ തെരഞ്ഞെടുപ്പിന് ശേഷം പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ (Vladimir Putin) ഭരണകാലം 2030 വരെ നീളുമെന്നാണ് കരുതപ്പെടുന്നത്.

യുക്രൈൻ ആക്രമണത്തെ വിമര്‍ശിക്കുന്നത് നിരോധിക്കുന്ന കര്‍ശനമായ നിയമങ്ങള്‍ പാലിക്കാന്‍ വിദേശികളെ ഈ പ്രതിജ്ഞ നിര്‍ബന്ധിതരാക്കും. കൂടാതെ, എല്‍ജിബിടിക്യു വിഭാഗത്തെക്കുറിച്ച് നല്ല പ്രസ്താവനകള്‍ നടത്തരുത് എന്നതും ഇതില്‍ ഉള്‍പ്പെടുന്നതായി സര്‍ക്കാരിന്റെ വാര്‍ത്താ ഏജന്‍സിയായ ടിഎഎസ്എസ് റിപ്പോര്‍ട്ടു ചെയ്തു.

റഷ്യയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ പ്രതിജ്ഞയില്‍ ഒപ്പുവയ്ക്കുന്നതിലൂടെ റഷ്യയുടെ ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച നിയമങ്ങ8 വിദേശികള്‍ പാലിക്കേണ്ടി വരുമെന്ന് കരട് രേഖയെ ഉദ്ധരിച്ച് ടിഎഎസ്എസ് പറഞ്ഞു. റഷ്യന്‍ ഫെഡറേഷന്റെ വിദേശ, ആഭ്യന്തര നയങ്ങളെ ഒരു തരത്തിലും അപകീര്‍ത്തിപ്പെടുത്തില്ലെന്ന് ഈ പ്രതിജ്ഞ ഉറപ്പു നൽകുന്നു.

റഷ്യന്‍ നിയമം അനുശാസിക്കുന്ന തരത്തില്‍ വിദേശികള്‍ എല്‍ജിബിടിക്യു സംബന്ധമായ പൊതുവിവരങ്ങള്‍ പങ്കുവയ്ക്കാന്‍ പാടില്ല. കൂടാതെ, രണ്ടാം ലോകമഹായുദ്ധത്തില്‍ സോവിയറ്റ് യൂണിയന്റെ പങ്കില്‍ ‘‘ചരിത്രപരമായ സത്യത്തെ വളച്ചൊടിക്കുന്നതില്‍’’ നിന്ന് വിദേശികള്‍ വിട്ടുനില്‍ക്കണമെന്നും കരട് രേഖയില്‍ പറയുന്നു.

റഷ്യയുടെ അധോസഭയായ ഡൂമയിലേക്ക് വൈകാതെ ഈ രേഖ എത്തുമെന്ന് ടിഎഎസ്എസ് റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍, പ്രതിജ്ഞ ലംഘിക്കുന്നവര്‍ക്ക് ഏത് തരത്തിലുള്ള ശിക്ഷയാണ് നല്‍കുകയെന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം, പുതിയ നിയമങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ ക്രെംലിന്‍ വിസമ്മതിച്ചു.

മധ്യേക്ഷയില്‍ നിന്ന് ധാരാളം പേര്‍ റഷ്യയില്‍ കുടിയേറ്റക്കാരായി എത്തിയിട്ടുണ്ട്. യുക്രൈനിനെതിരായ യുദ്ധത്തിനായി സൈനിക റിക്രൂട്ട്‌മെന്റുകളില്‍ അവരെ റഷ്യന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. യുക്രൈനിനെതിരായ റഷ്യൻ യുദ്ധം ആരംഭിച്ചതോടെ നിരവധി പാശ്ചാത്യര്‍ റഷ്യ വിട്ടിരുന്നു.

കര്‍ശനമായ സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ കൊണ്ടുവന്നതിന് ശേഷം തങ്ങളുടെ ജീവനക്കാരുടെ സുരക്ഷയെ ഭയന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ മോസ്‌കോയിലെ തങ്ങളുടെ സാന്നിധ്യം ഗണ്യമായി കുറച്ചിരുന്നു. യുക്രൈനുമായുള്ള യുദ്ധത്തെ അപലപിച്ചതിന് ആയിരക്കണക്കിന് പൗരന്മാരെ റഷ്യ ശിക്ഷിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.