1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2015

സ്വന്തം ലേഖകന്‍: ഇറാന് ആയുധങ്ങള്‍ വില്‍ക്കുന്നതിനുള്ള ഉപരോധം റഷ്യ പിന്‍വലിച്ചു. ഉപരോധം ഇല്ലാതാകുന്നതോടെ ഇരു രാജ്യങ്ങളും തമ്മില്‍ നേരത്തെ ഒപ്പുവച്ച കരാര്‍ പ്രകാരം എസ് 300 ഇനത്തില്‍പ്പെട്ട മിസൈലുകള്‍ റഷ്യ ഇറാന് ഉടനെ കൈമാറും.

ഇതു സംബന്ധിച്ച ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസം ഒപ്പുവച്ചു. 2007 ലാണ് എസ് 300 മിസൈലുകള്‍ വില്‍ക്കുന്നതിനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. 800 ദശലക്ഷം ഡോളറിന്റേതായിരുന്നു കരാര്‍.

എന്നാല്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് റഷ്യ കരാറില്‍ നിന്നു പിന്മാറാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. ഇറാന്റെ ആണവ പരീക്ഷണങ്ങള്‍ക്ക് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനാലാണ് കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങിയത് എന്നായിരുന്നു റഷ്യയുടെ വാദം.

എന്നാല്‍ റഷ്യയുടെ പിന്മാറ്റത്തില്‍ പ്രതിഷേധിച്ച് ഇറാന്‍ നാനൂറ് കോടി ഡോളറിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. കേസില്‍ കോടതി ഇതുവരെ തീരുമാനത്തില്‍ എത്തിയിട്ടില്ല.

അതേസമയം, ആണവ പദ്ധതികളുടെ പേരില്‍ ഇറാനെതിരെ ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങള്‍ അത് പിന്‍വലിക്കുന്ന കാര്യത്തില്‍ ഒരു സമവായത്തില്‍ എത്തണമെന്ന് ജര്‍മ്മന്‍ ചാന്‍സര്‍ ആഞ്ചല മെര്‍ക്കല്‍ പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം സംയുക്ത പത്രസമ്മേളനം നടത്തുകയായിരുന്നു മെര്‍ക്കല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.