സ്വന്തം ലേഖകന്‍: അമേരിക്കയില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിലും യൂറോപ്പിലും റഷ്യന്‍ ഇടപെടല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സി.ഐ.എ. മുന്നറിയിപ്പ്. ബി.ബി.സിക്ക് നല്കിയ അഭിമുഖത്തില്‍ സി.ഐ.എ തലവന്‍ മൈക് പോംപിയോ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യൂറോപ്പിലും യു.എസിലും നടത്തുന്ന റഷ്യന്‍ ഇടപെടലില്‍ യാതൊരു കുറവും വന്നിട്ടില്ലെന്നും പോംപിയോ വ്യക്തമാക്കി.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ആരോപണം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിയിരുന്നു. അതേസമയം, സി.ഐ.എ തലവന്റെ പുതിയ വെളിപ്പെടുത്തല്‍ ട്രംപിന് വലിയ തിരിച്ചടിയാണ്.
ഇതിനിടെ, ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് എഫ്.ബി.ഐ ഡെപ്യൂട്ടി ഡയറക്ടര്‍ ആന്‍ഡ്രു മക്കേവ് രാജിവെച്ചു. ജോലിയില്‍ നിന്ന് വിരമിക്കാന്‍ രണ്ടു മാസം ശേഷിക്കെയാണ് മകേവ് ഡെപ്യൂട്ടി ഡയറക്ടര്‍ പദവി രാജിവെച്ചത്. 2016 മെയില്‍ ജയിംസ് കോമിയെ എഫ്.ബി.ഐ മേധാവി സ്ഥാനത്ത് നിന്ന് നീക്കിയപ്പോള്‍ പകരം ചുമതല വഹിച്ചത് മക്കേവ് ആയിരുന്നു.
ഭാര്യ ജില് മകേവ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മല്‍സരിച്ചപ്പോള്‍ പ്രവര്‍ത്തകരില്‍ നിന്ന് പ്രചാരണ ഫണ്ടായി ഏഴു ലക്ഷം ഡോളര്‍ വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണിനെതിരായ ഇമെയില്‍ വിവാദം അന്വേഷിക്കുന്നത് എങ്ങനെ നീതിപൂര്‍വമാകുമെന്ന് ട്രംപ് ആരോപിച്ചിരുന്നു. കൂടാതെ, തെരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് ട്രംപ് മകേവിനോട് ചോദിച്ചതും വിവാദത്തിന് ഇടയാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല