സ്വന്തം ലേഖകൻ: 47 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ചന്ദ്രനില്‍ പേടകമിറക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് റഷ്യ. ലൂണ-25 എന്ന് പേരിട്ടിരിക്കുന്ന പേടകം വഹിച്ചുള്ള റോക്കറ്റ് ഓഗസ്റ്റ് 11-ന് ഴ്ച പുലർച്ചെ നാല് മണിക്ക് വിക്ഷേിച്ചു. മോസ്‌കോയില്‍നിന്ന് 5550 കിലോ മീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന വൊസ്‌റ്റോഷ്‌നി കോസ്‌മോഡ്രോമില്‍ നിന്നായിരുന്നു വിക്ഷേപണം.
ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ 3 വിക്ഷേപിച്ച് നാലാഴ്ചകള്‍ക്ക് ശേഷമാണ് റഷ്യ തങ്ങളുടെ ലൂണാർ ലാൻഡിങ് ദൗത്യം വിക്ഷേപിച്ചിരിക്കുന്നത്. ഇന്ത്യയെ പോലെ, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പേടകം ഇറക്കാനാണ് റഷ്യ പദ്ധതിയിട്ടിരിക്കുന്നത്. രസകരമായ കാര്യമെന്തെന്നാല്‍ ചന്ദ്രയാന്‍ 3-യേക്കാള്‍ നാലാഴ്ച വൈകി വിക്ഷേപിക്കുന്ന ലൂണ-25 ചന്ദ്രയാനൊപ്പമോ, ചന്ദ്രയാന് മുമ്പോ ലക്ഷ്യസ്ഥാനത്ത് ഇറങ്ങുമെന്നാണ് വിവരം.
റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് ഒരുക്കിയ ലൂണാര്‍ ലാന്റര്‍ ദൗത്യമാണ് ലൂണാ-25. ലൂണ ഗ്ലോബ് ലാന്റര്‍. നേരത്തെ ലൂണ-ഗ്ലോബ് ലാന്റര്‍ എന്ന് പേരിട്ടിരുന്ന ദൗത്യം പിന്നീട് സോവിയറ്റ് കാലത്തെ ലൂണ ദൗത്യങ്ങളുടെ തുടര്‍ച്ചയാകട്ടെ എന്ന് കരുതി ലൂണ-25 എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ബോകസ്ലാവ്‌സ്‌കി ഗര്‍ത്തത്തിലാണ് പേടകം ഇറങ്ങുക. 990-കളില്‍ തന്നെ മറ്റൊരു ചാന്ദ്രദൗത്യത്തിനുള്ള ആലോചനകള്‍ സോവിയറ്റ് യൂണിയനും പിന്നീട് റഷ്യയും നടത്തിയിരുന്നുവെങ്കിലും രാഷ്ട്രീയം ഉള്‍പ്പടെ പലവിധ കാരണങ്ങളാല്‍ അത് വൈകുകയായിരുന്നു. പിന്നീട് 2021 ഒക്ടോബറില്‍ വിക്ഷേപണത്തിന് പദ്ധതിയിട്ടിരുന്നുവെങ്കിലും അത് വീണ്ടും വൈകി.
യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി തങ്ങളുടെ പൈലറ്റ് ഡി ക്യാമറ ലൂണ-25 ല്‍ ഘടിപ്പിച്ച് പരീക്ഷിക്കാന്‍ പദ്ധതിയിട്ടിരുന്നു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പുമായുള്ള ബന്ധം മുറിഞ്ഞതോടെ ഈ പദ്ധതി ഒഴിവാക്കേണ്ടി വന്നു. ഇത് കൂടാതെ സ്വീഡന്‍ ഒരുക്കിയ ഒരു ഉപകരണവും പേടകത്തില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നു.
ഇതില്‍നിന്ന് പിന്‍മാറിയ സ്വീഡന്‍ തങ്ങളുടെ ഉപകരണം 2019 ല്‍ വിക്ഷേപിച്ച ചൈനയുടെ ചാങ്ഇ-4 ലാണ് ഘടിപ്പിച്ചത്. സോയുസ് 2-1ബി റോക്കറ്റിലാണ് വിക്ഷേപണം. ഒമ്പത് ശാസ്ത്ര ഉപകരണങ്ങളാണ് പേടകത്തിലുണ്ടാവുക. ഓഗസ്റ്റ് 23-ന് ലൂണ-25 പേടകം ചന്ദ്രോപരിതലത്തിലിറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ചന്ദ്രയാന്‍-3 പേടകം വിക്ഷേപിച്ച് നാലാഴ്ചകള്‍ക്ക് ശേഷം വിക്ഷേപിക്കുന്ന ലൂണ-25 പക്ഷെ, ചന്ദ്രയാന്‍ 3 പേടകം ചന്ദ്രനിലിറങ്ങാന്‍ ഉദ്ദേശിക്കുന്ന ഓഗസ്റ്റ് 23-ന് തന്നെയാണ് ചന്ദ്രനിലിറങ്ങാന്‍ ലക്ഷ്യമിടുന്നത്. അതും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ തന്നെ. ഇതിനകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ച ചന്ദ്രയാന്‍ 3 ഘട്ടം ഘട്ടമായി ഭ്രമണ പഥം താഴ്ത്തുന്ന പ്രക്രിയയിലാണ്. അഞ്ച് ദിവസം കൊണ്ടാണ് ലൂണ 25 ഭൂമിയില്‍നിന്ന് ചന്ദ്രനിലേക്ക് പറക്കുക. അഞ്ച് മുതല്‍ ഏഴ് ദിവസം വരെ ചന്ദ്രന്റെ ഉപരിതലത്തില്‍ ചിലവഴിക്കും.
ശേഷം ചന്ദ്രനില്‍ ഇറങ്ങും. കൃത്യമായി പറഞ്ഞാല്‍ ചന്ദ്രയാന്‍ 3-യ്‌ക്കൊപ്പമോ നേരിയ വ്യത്യാസത്തില്‍ മുമ്പോ ആയിരിക്കും ലൂണ-25 ചന്ദ്രനില്‍ ഇറങ്ങുക. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യം പേടകം ഇറക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് കനത്ത വെല്ലുവിളിയാണ് റഷ്യ സൃഷ്ടിച്ചിരിക്കുന്നത്. റഷ്യൻ ദൗത്യം വിജയം കണ്ടാൽ ആ നേട്ടം ഇന്ത്യയ്ക്ക് നഷ്ടമാവും. അങ്ങനെ നോക്കുമ്പോൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കിയുള്ള ഓട്ടമത്സരത്തിലാണ് ലൂണ-25 ഉം ചന്ദ്രയാൻ 3യും
രണ്ടാഴ്ചയാണ് ചന്ദ്രയാന്‍ 3യുടെ കാലാവധി. എന്നാല്‍, ഒരു വര്‍ഷക്കാലം ലൂണ-25 ചന്ദ്രനിലുണ്ടാവും. 31 കിലോഗ്രാം ഭാരമുള്ള ശാസ്ത്രഗവേഷണ ഉപകരണങ്ങള്‍ വഹിക്കുന്ന ലൂണ-25 ആകെ ഭാരം 1.8 ടണ്‍ ആണ്. ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ശേഖരിക്കും. തണുത്തുറഞ്ഞ ജലത്തിന്റെ സാന്നിധ്യം അറിയുകയാണ് ലക്ഷ്യം.
ചന്ദ്രയാന്‍ 3 പദ്ധതിയ്ക്ക് യാതൊരു വിധത്തിലും ലൂണ 25 തടസമാവില്ലെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് പറഞ്ഞു. കാരണം ലൂണ ഇറങ്ങുന്നതിനായി നിശ്ചയിച്ചിരിക്കുന്ന വേറെ സ്ഥലങ്ങളിലാണ്. അവ തമ്മില്‍ പരസ്പരം ഭീഷണിയാവുകയോ കൂട്ടിമുട്ടുകയോ ചെയ്യില്ല. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ ആവശ്യത്തിന് സ്ഥലം ചന്ദ്രനിലുണ്ടെന്നും റോസ്‌കോസ്‌മോസ് പറഞ്ഞു.
ഇതുവരെ മൂന്ന് രാജ്യങ്ങളാണ് ചന്ദ്രനില്‍ ലാന്റര്‍ ഇറക്കിയിട്ടുള്ളത്. യു.എസും, സോവിയറ്റ് യൂണിയനും ചൈനയുമാണത്. നാലാമത്തെ പേടകം ഇറക്കുന്ന രാജ്യമാവാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് വെല്ലുവിളിയാണ് ലൂണ 25. ഇത് രണ്ടാം തവണയാണ് ഇന്ത്യ ഒരു ലാന്റര്‍ ചന്ദ്രനില്‍ ഇറക്കാന്‍ ശ്രമിക്കുന്നത്. 2019 ല്‍ ചന്ദ്രയാന്‍ 2 പേടകം ചന്ദ്രനില്‍ ഇറക്കാനുള്ള ഇന്ത്യയുടെ ശ്രമം പരാജയപ്പെട്ടിരുന്നു. ഏപ്രിലില്‍ സ്വകാര്യ ബഹിരാകാശ കമ്പനിയുടെ ആദ്യ ലാന്റര്‍ ചന്ദ്രനില്‍ ഇറക്കാനുള്ള ജപ്പാന്റെ ശ്രമം പരാജയപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല