1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2023

സ്വന്തം ലേഖകൻ: നാല്പത്തിയേഴുവർഷത്തിനുശേഷം ചന്ദ്രനെത്തേടി കുതിച്ച ലൂണ-25 ദൗത്യം പരാജയപ്പെട്ടത് റഷ്യയുടെ ബഹിരാകാശക്കുതിപ്പിന് മങ്ങലേൽപ്പിച്ചു. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ ‘ചന്ദ്രയാൻ 3’-നുപിന്നാലെയാണ് റഷ്യയുടെ ദൗത്യം പുറപ്പെട്ടത്. ഓഗസ്റ്റ് 11-ന് വൊസ്റ്റോച്‌നി ബഹിരാകാശ കേന്ദ്രത്തിൽനിന്ന് സോയൂസ്-2 റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം. സോയൂസ്, അഞ്ചരദിവസംകൊണ്ട് ലൂണ-25-നെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചു. തുടർന്ന്, ഭ്രമണപഥം താഴ്ത്തി ചന്ദ്രനിലേക്കുള്ള പ്രയാണത്തിനിടെയാണ് അപ്രതീക്ഷിത തകർച്ച.

ഒരുവർഷം ചന്ദ്രനിൽ ഗവേഷണങ്ങൾക്കായി ചെലവിടുകയും അവിടെനിന്ന് സാംപിളുകൾ ശേഖരിച്ചുമടങ്ങാനുമാണ് ലൂണ പദ്ധതിയിട്ടിരുന്നത്. 1976-ലെ ലൂണദൗത്യം ചന്ദ്രനിൽനിന്ന്‌ മണ്ണും പാറയും ശേഖരിച്ചുകൊണ്ടുവന്നിരുന്നു. ചന്ദ്രന്റെ ആന്തരികഘടന, ജലസാന്നിധ്യം എന്നിവയെക്കുറിച്ച് അന്വേഷിക്കാനും ലൂണ-25 ലക്ഷ്യമിട്ടു. ശാസ്ത്രീയപഠനങ്ങൾക്കായി 31 കിലോഗ്രാം ഭാരമുള്ള ഉപകരണങ്ങളും ലാൻഡറിലുണ്ടായിരുന്നു. ബഹിരാകാശരംഗത്ത് യുഎസ്, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളുടെ ആധിപത്യം അവസാനിപ്പിക്കുകയെന്നതും റഷ്യ, ലൂണ വിക്ഷേപിക്കുന്നതിലൂടെ ലക്ഷ്യമിട്ടിരുന്നു.

2021 ഒക്ടോബറിൽ വിക്ഷേപിക്കാനിരുന്നതാണ് ലൂണ-25 ദൗത്യം. രണ്ടുവർഷം വൈകി വിക്ഷേപിച്ചിട്ടും ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നത് റഷ്യക്ക്‌ വലിയ തിരിച്ചടിയായി. യുക്രൈൻ അധിനിവേശത്തിനുപിന്നാലെ വന്ന ഉപരോധം ചാന്ദ്രദൗത്യത്തിനായി പാശ്ചാത്യസാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത് റഷ്യക്ക് അപ്രാപ്യമാക്കിയിരുന്നു. അതെല്ലാം മറികടന്നായിരുന്നു വിക്ഷേപണം.

1957-ൽ ആദ്യ മനുഷ്യനിർമിത ഉപഗ്രഹം വിക്ഷേപിച്ചതും ബഹിരാകാശത്ത് ആദ്യ നായയെയും മനുഷ്യരെയും എത്തിച്ചതും സോവിയറ്റ് യൂണിയനാണ്. എന്നാൽ, സോവിയറ്റുകാലം കഴിഞ്ഞതോടെ ബഹിരാകാശത്തെ റഷ്യയുടെ കുതിപ്പ് കുറയുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.