സ്വന്തം ലേഖകൻ: റഷ്യയുടെ ചാന്ദ്രപേടകമായ ‘ലൂണ 25’ ചന്ദ്രനിൽ തകർന്നുവീണു. ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ പേടകം ചന്ദ്രനില്‍ തകർന്നുവീഴുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ ഭ്രമണപഥം താഴ്ത്തല്‍ നടത്താനായില്ലെന്ന് കഴിഞ്ഞ ദിവസം റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പേടകം നിയന്ത്രണം നഷ്ടമായി ചന്ദ്രനില്‍ തകര്‍ന്നുവീണതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ചന്ദ്രനിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുന്‍പുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കാനുള്ള ശ്രമത്തിലാണ് നിയന്ത്രണം നഷ്ടമായത്. 50 വര്‍ഷത്തിനിടെ റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായിരുന്നു ഇത്.
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍-3 വിക്ഷേപിച്ചതിന് ശേഷമാണ് ലൂണ-25നെ റഷ്യ വിക്ഷേപിച്ചത്. ഇന്ത്യയുടെ ചന്ദ്രയാന്‍-മൂന്നോ റഷ്യയുടെ ലൂണ-ഇരുപത്തിയഞ്ചോ ആര് ആദ്യം ചന്ദ്രനില്‍ ഇറങ്ങുമെന്ന് ബഹിരാകാശ ഗവേഷണ ലോകത്ത് ചൂടേറിയ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു.
ജൂലായ് 14-ന് വിക്ഷേപിച്ച ചന്ദ്രയാന്‍-3 ഓഗസ്റ്റ് അഞ്ചിന് വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചിരുന്നു. ഈമാസം 23-നോ 24-നോ ചന്ദ്രയാന്‍-3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനാണ് ലക്ഷ്യമിടുന്നത്. ലൂണ-25 മൂന്നാഴ്ചയ്ക്കുശേഷം ഈ മാസം പത്തിനാണ് റഷ്യ ബഹിരാകാശത്തേക്ക് തൊടുത്തത്. വൈകിയാണ് കുതിപ്പു തുടങ്ങിയതെങ്കിലും നേരത്തേ ചന്ദ്രോപരിതലത്തിലിറക്കാനാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ് കോസ്‌മോസ് ലക്ഷ്യമിട്ടിരുന്നത്.
അതേസമയം ഇന്ത്യൻ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ- 3 വിജയത്തിന് തൊട്ടരികെ. രണ്ടാം ഡീ ബൂസ്റ്റിങ് വിജയകരമായി പൂർത്തിയാക്കിയതോടെ വിക്രം ലാൻഡർ ചന്ദ്രന് അരികെ എത്തി. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു രണ്ടാം ഡീ ബൂസ്റ്റിങ് നടന്നത്. ഇതോടെ കുറഞ്ഞ ദൂരം 25 കിലോമീറ്ററും കൂടിയ ദൂരം 134 കിലോമീറ്ററുമായി. സാങ്കേതിക പരിശോധനകൾ തുടരുമെന്ന് ഐഎസ്ആർഒ അറിയിച്ചു. അവസാന ഘട്ടവും വിജയകരമായി പിന്നിട്ട് വിക്രം ലാൻഡർ ബുധനാഴ്ച വൈകിട്ട് 5.45 ന് സോഫ്റ്റ് ലാൻഡിങ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിലായിരിക്കും ലാൻഡർ ഇറങ്ങുക. ഡീ-ബൂസ്റ്റ് എന്ന പ്രക്രിയയിലൂടെയാണ് പേടകം ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണപഥത്തിലേക്ക് (25 കിമീ x 134 കിമീ) എത്തിക്കുക. 30 കിലോമീറ്റർ ഉയരത്തില്‍ വെച്ച് പേടകത്തിന്‍റെ ചലന വേഗം കുറച്ച് ചന്ദ്രനില്‍ ഇറക്കുകയാണ് പ്രധാന ഘട്ടമെന്നായിരുന്നു നേരത്തെ ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നത്.
എന്നാൽ അവസാന ഡീബൂസ്റ്റിങ്ങിൽ വിക്രം ലാൻഡർ ചന്ദ്രൻ്റെ 25 കിലോമീറ്റർ ഉയരത്തിൽ എത്തിയിരിക്കുകയാണ്. തിരശ്ചീനമായി നീങ്ങിക്കൊണ്ടിരിക്കുന്ന പേടകത്തെ ചന്ദ്രോപരിതലത്തിന് ലംബമാക്കി മാറ്റും. ഇതിന് ശേഷമാണ് സ്ഫോറ്റ്ലാൻഡിങ്ങ്. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 ഇതിനകം 36 ദിവസം പിന്നിട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല