സ്വന്തം ലേഖകന്‍: വന്‍ശക്തികള്‍ തമ്മില്‍ ആയുധ മത്സരത്തിന് കളമൊരുങ്ങുന്നു; രണ്ടു വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ മിസൈല്‍ നിര്‍മിക്കുമെന്ന് റഷ്യ. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ റഷ്യ കൂടുതല്‍ മിസൈലുകള്‍ വികസിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രി സെര്‍ഗി ഷൊയ്ഗു വ്യക്തമാക്കി. ശീതയുദ്ധ കാലത്ത് ഒപ്പുവെച്ച യു.എസ്.റഷ്യ ഐ.എന്‍.എഫ്. മിസൈല്‍ കരാറില്‍നിന്ന് പിന്‍വാങ്ങുന്നതായി കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചിരുന്നു.
കരാറില്‍നിന്നുള്ള ഈ രാജ്യങ്ങളുടെ പിന്മാറ്റം പുതിയ ആയുധമത്സരത്തിന് തുടക്കമിടുമെന്ന ആശങ്കകള്‍ക്കിടെയാണ് സെര്‍ഗി ഷൊയ്ഗുവിന്റെ പ്രസ്താവന. രണ്ടു വര്‍ഷത്തിനിടയില്‍ രണ്ടുതരം മിസൈലുകളാണ് റഷ്യ വികസിപ്പിക്കുകയെന്ന് ചൊവ്വാഴ്ച പ്രതിരോധ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിനുശേഷം സെര്‍ഗി പറഞ്ഞു. പദ്ധതിക്ക് പ്രസിഡന്റ് പുതിന്‍ അനുമതി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
ഭൂതലത്തില്‍നിന്ന് തൊടുത്തുവിടാന്‍ കഴിയുന്ന ഹ്രസ്വമധ്യ ദൂര മിസൈലുകളാണ് ഐ.എന്‍.എഫ്. കരാര്‍പ്രകാരം നിരോധിച്ചത്. ഐ.എന്‍.എഫ്. കരാര്‍ റദ്ദാകുന്നതോടെ കടലില്‍നിന്നും ആകാശത്തുനിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന മിസൈലുകളുടെ ഭൂതല പതിപ്പ് നിര്‍മിക്കാന്‍ റഷ്യയ്ക്കു കഴിയും. ഈ മിസൈലുകളുടെ നിര്‍മാണത്തിന് ചെലവു കുറവാണെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല