സ്വന്തം ലേഖകന്‍: ആകാശത്ത് കരുത്തു കൂട്ടാന്‍ ഇന്ത്യ; റഷ്യയില്‍ നിന്ന് 39,000 കോടിയുടെ വിമാനവേധ മിസൈലുകള്‍ വാങ്ങാന്‍ ഒരുങ്ങുന്നു. റഷ്യയില്‍നിന്നു എസ് 400 ട്രയംഫ് വിമാനവേധ മിസൈലുകളാണു ഇന്ത്യ വാങ്ങുന്നത്. 39,000 കോടി രൂപയുടെ (5.5 ബില്യണ്‍ ഡോളര്‍) ഇടപാടിന്റെ അന്തിമരൂപം ഉടന്‍ തയാറാകുമെന്നാണു റിപ്പോര്‍ട്ടുകള്‍. എസ് 400 ട്രയംഫ് വിമാനവേധ മിസൈലുകള്‍ ഇന്ത്യയ്ക്കു വില്ക്കാന് തയാറാണെന്നു റഷ്യ അറിയിച്ചിരുന്നു.
2016ല്‍ ഗോവയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ഇവ വാങ്ങാന്‍ ധാരണയായത്. അഞ്ചെണ്ണമാണ് ഇന്ത്യ സ്വന്തമാക്കുന്നത്. 54 മാസത്തിനകം കൈമാറണമെന്ന തരത്തിലാണു കരാറെന്നു പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ചൈനയും എസ് 400 ട്രയംഫ് മിസൈലുകള്‍ വാങ്ങിയതായാണു റിപ്പോര്‍ട്ടുകള്‍.
റഷ്യയില്‍നിന്നു ചൈനയിലേക്കു കപ്പലിലെത്തിച്ച മിസൈല്‍ ഭാഗങ്ങള്‍ പ്രവര്‍ത്തനരഹിതമായിരുന്നെന്ന വിവാദവും കഴിഞ്ഞയാഴ്ചയുണ്ടായി. കരാര്‍ യാഥാര്‍ഥ്യമായാല്‍ സമീപകാലത്തു റഷ്യയുമായുള്ള ഇന്ത്യയുടെ വലിയ ആയുധ ഇടപാടുകളില്‍ ഒന്നാകുമിത്. സുഖോയ് പോര്‍വിമാനം (12 ബില്യണ്‍ ഡോളര്‍), ഐഎന്‍എസ് വിക്രമാദിത്യ (2.33 ബില്യണ്‍ ഡോളര്‍) എന്നിവയാണു മറ്റു വലിയ ഇടപാടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല