സ്വന്തം ലേഖകന്‍: അടിയ്ക്ക് തിരിച്ചടി; 1987ലെ സോവിയറ്റ് യൂണിയന്‍, യുഎസ്എ ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് റഷ്യ പിന്‍മാറി. കരാറില്‍ നിന്ന് അമേരിക്ക പിന്മാറാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് റഷ്യയുടെ പിന്മാറ്റം. കഴിഞ്ഞ ദിവസമാണ് റഷ്യയുമായുള്ള ആണവ നിര്‍വ്യാപന കരാറില്‍ ഉടന്‍ പിന്മാറുമെന്ന് അമേരിക്ക പ്രഖ്യാപിച്ചത്.
കരാറിലെ വ്യവസ്ഥകള്‍ റഷ്യ ലംഘിക്കുന്നുവെന്നതാണ് പിന്മാറ്റത്തിനുള്ള കാരണമായി ചൂണ്ടിക്കാണിച്ചത് ഇതിന് പിന്നാലെയാണ് കരാറില്‍ നിന്ന് പിന്മാറുകയാണെന്ന റഷ്യയുടെ പ്രഖ്യാപനം. അമേരിക്കയുമായി നിരായുധീകരണവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചക്കും മുന്‍കൈയെടുക്കരുതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഹൈപര്‍ സോണിക് ഗണത്തില്‍ പെട്ടതടക്കമുള്ള പുതിയ മിസൈലുകളുടെ നിര്‍മാണം റഷ്യ ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു, നിരായുധീകരണ കരാറുകള്‍ അമേരിക്കയാണ് ലംഘിച്ചതെന്ന് റഷ്യന്‍ വിദേശ കാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ആരോപിച്ചു. 1987ലാണ് അമേരിക്കയും അന്നത്തെ സോവിയറ്റ് യൂണിയനും ഇന്റര്‍ മീഡിയറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സസ് കരാറില്‍ ഒപ്പുവെച്ചത്.
500 കിലോമീറ്ററിനും 5000 കിലോമീറ്ററിനും മധ്യേ ദൂരപരിധിയുള്ള ആണവായുധ ശേഷിയുള്ള മിസൈലിന്റെ നിര്‍മാണം ഇതനുസരിച്ച് നിരോധിച്ചിരുന്നു.കരാറില്‍ നിന്നുള്ള പിന്‍മാറ്റം ലോകരാജ്യങ്ങള്‍ തമ്മിലുള്ള ആയുധ മത്സരത്തിന് വഴിയൊരുക്കുമെന്നാണ് ആശങ്ക. കരാര്‍ അവസാനിപ്പിക്കുന്നതിനു പകരം റഷ്യയുമായി ചര്‍ച്ചയ്ക്കിരിക്കുകയാണ് അമേരിക്ക ചെയ്യേണ്ടതെന്നു ചൈന പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല