സ്വന്തം ലേഖകന്‍: ട്രംപിനെ വരച്ചവരയില്‍ നിര്‍ത്താനുള്ള രഹസ്യരേഖകള്‍ റഷ്യയുടെ കൈവശമുണ്ടെന്ന് റിപ്പോര്‍ട്ട്, വാര്‍ത്ത നിഷേധിച്ച് ട്രംപ്. നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തില്‍ സുപ്രധാന രഹസ്യങ്ങള്‍ റഷ്യക്ക് ലഭിച്ചിരുന്നതായി വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പ്രസിഡന്റ് ബറാക് ഒബാമക്ക് കൈമാറി.
രേഖയുടെ കോപ്പി ട്രംപിനു കൈമാറിയതായും റിപ്പോര്‍ട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ആരംഭിച്ചതല്ല റഷ്യട്രംപ് ബന്ധമെന്നും വര്‍ഷങ്ങള്‍ക്കു മുമ്പേ ആരംഭിച്ച ഈ ബന്ധം സമീപകാലത്ത് ശക്തിപ്രാപിക്കുകയായിരുന്നുവെന്നും രേഖ വ്യക്തമാക്കുന്നു. മോസ്‌കോയില്‍ പര്യടനം നടത്തുമ്പോള്‍ ട്രംപ് സന്ദര്‍ശിച്ച ലൈംഗികത്തൊഴിലാളികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റഷ്യ റെക്കോര്‍ഡ് ചെയ്തിരുന്നതായും രേഖ പറയുന്നു.
യു.എസ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്‌ളിന്റന്റെ പ്രചാരണ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന വിവാദത്തിന്റെ അലയൊലികള്‍ അടങ്ങുന്നതിന് മുമ്പേയാണ് പുതിയ റിപ്പോര്‍ട്ട്.അതേസമയം, രേഖയിലെ പരാമര്‍ശങ്ങള്‍ ശുദ്ധ കളവാണെന്ന് റഷ്യ വ്യക്തമാക്കി.
യു.എസ് റഷ്യ ബന്ധം തകിടം മറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് റിപ്പോര്‍ട്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വക്താവ് കുറ്റപ്പെടുത്തി.ട്രംപിന്റെ രാഷ്ട്രീയ പ്രതിയോഗികള്‍ വാടകക്കെടുത്ത മുന്‍ ബ്രിട്ടീഷ് ചാരനാണത്രേ ട്രംപുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ സമാഹരിച്ച് രഹസ്യ രേഖ തയാറാക്കിയത്. എന്നാല്‍ ഇവ സത്യസന്ധമാണോ എന്ന കാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ലെന്ന് യു.എസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം യുഎസ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന് തന്നെ ഇഷ്ടമായെങ്കില്‍ അതൊരു മുതല്‍ക്കൂട്ടാണെന്നും തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ആദ്യമായി നടത്തിയ ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല