സ്വന്തം ലേഖകന്‍: റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയ ബ്രിട്ടന്റെ നടപടിക്കു തിരിച്ചടിയായി, റഷ്യ 23 ബ്രിട്ടിഷ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. ഒരാഴ്ചയ്ക്കകം ഇവരോടു രാജ്യംവിടാന്‍ ആവശ്യപ്പെട്ടതായി റഷ്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ യുകെ കോണ്‍സുലേറ്റ് ജനറലും റഷ്യ അടപ്പിച്ചു.
മുന്‍ റഷ്യന്‍ ചാരനെതിരെ ബ്രിട്ടനില്‍ നടന്ന വധശ്രമത്തിന്റെ പേരില്‍ കഴിഞ്ഞ ബുധനാഴ്ചയാണു ബ്രിട്ടന്‍ 23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയത്. മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ഗെയ് സ്‌ക്രീപലിനെയും മകള്‍ യുലിയയെയും തെക്കന്‍ ഇംഗ്ലണ്ടിലെ സോള്‍സ്ബ്രിയില്‍ കഴിഞ്ഞ നാലിനു നിരോധിത രാസായുധം പ്രയോഗിച്ചു വധിക്കാന്‍ ശ്രമിച്ചതു പുടിന്‍ ഭരണകൂടമാണെന്നാണു ബ്രിട്ടന്റെ ആരോപണം.
റഷ്യ ഇതു നിഷേധിച്ചെങ്കിലും യുഎസ്, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളും ബ്രിട്ടന്റെ ആരോപണം ശരിവച്ചു രംഗത്തെത്തിയിരുന്നു. ഇരുരാജ്യങ്ങള്‍ തമ്മില്‍ വാക്‌പോരു കടുത്തതോടെയാണു നയതന്ത്രപ്രതിനിധികളെ പുറത്താക്കാന്‍ തുടങ്ങിയത്. പ്രകോപനം തുടര്‍ന്നാല്‍ സൗഹൃദപരമല്ലാത്ത കൂടുതല്‍ നടപടികളിലേക്കു പോകുമെന്നും റഷ്യ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല