തുടരെ രണ്ടാം ജയത്തോടെ ക്വാര്‍ട്ടര്‍ ഉറപ്പിക്കാമെന്ന പ്രതീക്ഷയിലെത്തിയ റഷ്യയെ സമനിലക്കുരുക്കില്‍ തളച്ചിട്ട് (1-1) പോളണ്ട് കരുത്തുകാട്ടി. വാഴ്‌സയിലെ നാഷണല്‍ സ്‌റ്റേഡിയത്തില്‍ സ്വന്തം നാട്ടുകാര്‍ക്കുമുന്നില്‍ മികച്ച പ്രകടനമാണ് പോളണ്ട് പുറത്തെടുത്തത്. 38-ാം മിനിറ്റില്‍ സഗോയേവിലൂടെ മുന്നില്‍ക്കയറിയ റഷ്യയെ 58-ാം മിനിറ്റില്‍ പോളിഷ് ക്യാപ്റ്റന്‍ യാക്കൂബ് ബ്ലാസിക്കോവ്‌സ്‌കിയിലൂടെയാണ് ആതിഥേയര്‍ തളച്ചത്.
രണ്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍, ഗ്രൂപ്പ് എയില്‍ നാല് പോയന്റോടെ റഷ്യ മുന്നിട്ടുനില്‍ക്കുകയാണ്. രണ്ട് സമനിലകള്‍ സമ്മാനിച്ച രണ്ടു പോയന്റുമായി മൂന്നാം സ്ഥാനത്തുനില്‍ക്കുന്ന പോളണ്ടിന് അടുത്ത മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പിക്കാതെ ക്വാര്‍ട്ടറിലെത്താനാവില്ല. ഗ്രീസിനെതിരായ മത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ മാത്രമേ റഷ്യക്കും പ്രതീക്ഷയുള്ളൂ
ആദ്യ മത്സരത്തില്‍ റഷ്യയോടേറ്റ തോല്‍വിയില്‍നിന്ന് ചെക്ക് റിപ്പബ്ലിക് തലയുയര്‍ത്തി. യൂറോയുടെ ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുമെന്ന് ആശങ്കപ്പെട്ട ആരാധകരെ വീണ്ടും ആവേശത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് ചെക്ക് റിപ്പബ്ലിക് ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ ഗ്രീസിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തി.
മൂന്നാം മിനിറ്റില്‍ പീറ്റര്‍ യിറാസെക്കും ആറാം മിനിറ്റില്‍ വാക്ലാവ് പിലാറുമാണ് ചെക്കിന്റെ ഗോളുകള്‍ നേടിയത്. ഗ്രീസിനുവേണ്ടി 53-ാം മിനിറ്റില്‍ തിയാോഫാനിസ് ഗീക്കാസ് ഗോള്‍ നേടി. തോല്‍വിയോടെ, 2004-ലെ ചാമ്പ്യന്മാരായ ഗ്രീസ് കഴിഞ്ഞ തവണത്തെപ്പോലെ, ഇക്കുറിയും നോക്കൗട്ടിലെത്താതെ പുറത്താകാനുള്ള സാധ്യത ശക്തമായി. കരുത്തരായ റഷ്യയുമായാണ് ഗ്രീസിന്റെ അവസാന മത്സരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല