സ്വന്തം ലേഖകന്‍: 60 റഷ്യന്‍ നയതന്ത്രപ്രതിനിധികളെ പുറത്താക്കിയ യുഎസിന് തിരിച്ചടിയുമായി റഷ്യ; 60 അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുമെന്ന് ഭീഷണി. തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതിന് പകരമായി 60 അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുള്ള അമേരിക്കന്‍ കോണ്‍സുലേറ്റും പൂട്ടാനും റഷ്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സിയാറ്റിലിലുള്ള റഷ്യന്‍ കോണ്‍സുലേറ്റ് അടക്കാന്‍ നേരത്തെ അമേരിക്ക ഉത്തരവിട്ടിരുന്നു. മുന്‍ റഷ്യന്‍ ഏജന്റ് സെര്‍ജി സ്‌ക്രിപലിനും മകള്‍ യൂലിയക്കും ബ്രിട്ടനില്‍ വിഷബാധയേറ്റ സംഭവവുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഇടഞ്ഞത്. ഇതിനു പിന്നില്‍ റഷ്യയാണെന്നായിരുന്നു അമേരിക്കയുടെ ആരോപണം. മാര്‍ച്ച് നാലിനാണ് സാലിസ്ബറിയിലെ പാര്‍ക്കില്‍ സ്‌ക്രിപലിനെയും മകളെയും ബോധമറ്റ നിലയില്‍ കണ്ടെത്തിയത്.
ഇവര്‍ക്കുനേരെ പ്രയോഗിച്ചത് നോവിചോക്ക് എന്ന വിഷവസ്തുവാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് ദിവസങ്ങള്‍ കഴിഞ്ഞ് വ്യക്തമാക്കിയിരുന്നു. ആരോപണം പാശ്ചാത്യ കുപ്രചാരണമാണെന്ന് പറഞ്ഞ് റഷ്യ തള്ളിയെങ്കിലും കടുത്ത നടപടികളുമായി ബ്രിട്ടനും യു.എസും മറ്റു 20ലേറെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല