സ്വന്തം ലേഖകൻ: തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ സുരക്ഷാ മേഖല സൃഷ്ടിക്കാനുള്ള തുര്‍ക്കിയുടെ നീക്കത്തിന് പിന്തുണയുമായി റഷ്യ. തുര്‍ക്കിയുമായുള്ള കരാറിന്റെ ഭാഗമായാണ് കുര്‍ദ് പോരാളികളെ അതിര്‍ത്തിയില്‍ നിന്ന് ഒഴിവാക്കാന്‍ റഷ്യ സൈന്യത്തെ ഇറക്കി മുന്നോട്ടു വന്നിരിക്കുന്നത്. മാന്‍ബിജ്, കൊബാനെ തുടങ്ങിയ അതിര്‍ത്തി പട്ടണങ്ങളില്‍ റഷ്യന്‍ സൈന്യത്തെ വിന്യസിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
തുര്‍ക്കിയും റഷ്യയും തമ്മിലുള്ള ധാരണ പ്രകാരം ബുധനാഴ്ച ഉച്ചമുതല്‍ അതിര്‍ത്തിയില്‍ നിന്ന് 30 കിലോമീറ്റര്‍ പിന്‍വാങ്ങാന്‍ കുര്‍ദിഷ് പോരാളികള്‍ക്ക് 150 മണിക്കൂര്‍ സമയം അനുവദിച്ചിരുന്നു. അതിര്‍ത്തിയില്‍ സുരക്ഷാ മേഖല സൃഷ്ടിക്കാനാണ് തുര്‍ക്കിയുടെ നീക്കം. 20 ലക്ഷം സിറിയന്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന അതിര്‍ത്തി പ്രദേശങ്ങളെയാണ് സുരക്ഷാ മേഖലയാക്കാന്‍ തുര്‍ക്കി ശ്രമിക്കുന്നത്.
തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗനും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തുര്‍ക്കിയെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും രംഗത്തെത്തിയിരുന്നു. ഒക്ടോബര്‍ 29നകം കുര്‍ദിഷ് പോരാളികള്‍ അതിര്‍ത്തിയില്‍ നിന്ന് പൂര്‍ണമായി പിന്‍വാങ്ങണമെന്നാണ് തീരുമാനം. പിന്‍വാങ്ങിയില്ലെങ്കില്‍ ഇവരെ നീക്കം ചെയ്യുമെന്ന് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചിരുന്നു. തുര്‍ക്കിയുടെ അതിര്‍ത്തിയില്‍ 15 ബോര്‍ഡര്‍ പോസ്റ്റുകള്‍ തുറന്നതായി റഷ്യന്‍ പ്രതിരോധ മന്ത്രി അറിയിച്ചിരുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച് സിറിയന്‍ സര്‍ക്കാറോ കുര്‍ദിഷ് പോരാളികളോ പ്രതികരിച്ചിട്ടില്ല. അന്താരാഷ്ട്ര നിയന്ത്രണത്തിലുള്ള സുരക്ഷാ നീക്കത്തെ അമേരിക്ക പിന്തുണയ്ക്കുന്നുവെന്ന് നാറ്റോ യു.എസ് നാറ്റോ അംബാസിഡര്‍ കെയ് ബെയ്‌ലി വ്യക്തമാക്കിയിരുന്നു. സിറിയയില്‍ ഐ.എസിനെതിരെ കുര്‍ദിഷ് പോരാളികളുമായി ചേര്‍ന്നാണ് അമേരിക്കയുടെ നീക്കം. വടക്കന്‍ സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ചതിന് പിന്നാലെ കുര്‍ദിഷ് പോരാളികള്‍ക്കെതിരെ തുര്‍ക്കി ആക്രമണം തുടങ്ങുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല