സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ എണ്ണ കച്ചവടത്തിന്റെ ഇടനിലക്കാര്‍ തങ്ങളല്ല, റഷ്യയാണെന്ന് തിരിച്ചടിച്ച് തുര്‍ക്കി പ്രസിഡന്റ്, ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ വാക്‌പോര് മൂക്കുന്നു. ഐസിസില്‍ നിന്നും തുര്‍ക്കി രഹസ്യമായി എണ്ണ വാങ്ങുന്നുവെന്ന റഷ്യയുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍.
റഷ്യയാണ് ഐസിസിന്റെ എണ്ണ കച്ചവടത്തിന് ഇടനില നില്‍ക്കുന്നതെന്നും അനധികൃതമായി എണ്ണ വാങ്ങുന്നതിന് തങ്ങളുടെ പക്കല്‍ പക്കല്‍ തെളിവുണ്ടെന്നും തുര്‍ക്കിയുടെ ആരോപണം. റഷ്യ ഐസിസുമായി എണ്ണ വ്യാപാരം നടത്തുന്നതിന്റെ തെളിവുകള്‍ ലോകത്തിന് മുന്നില്‍ തുറന്ന് കാട്ടുമെന്നും എര്‍ദോഗന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എര്‍ജോഗനും കുടുംബത്തിനും ഉള്‍പ്പടെ ഐസിസുമായി രഹസ്യമായ എണ്ണക്കച്ചവടം ഉണ്ടെന്ന് റഷ്യന്‍ സൈനിക മേധാവി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഐസിസ് അനുഭാവിയാണെന്ന് പലതവണ പാശ്ചാത്യ മാധ്യമങ്ങള്‍ മുദ്രകുത്തിയ വ്യക്തിയാണ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍.
ആരോപണത്തിലേയ്ക്ക് തന്റെ കുടുംബത്തേയും റഷ്യ വലിച്ചിഴച്ചത് ശരിയായില്ലെന്നും എര്‍ദോഗന്‍ പറയുന്നു. തുര്‍ക്കി ഐസിസില്‍ നിന്ന് എണ്ണ വാങ്ങുന്നുവെന്ന് തെളിയിക്കാന്‍ റഷ്യയ്ക്ക് കഴിഞ്ഞാല്‍ താന്‍ രാജി വയ്ക്കുമെന്നും എര്‍ദോഗന്‍ വെല്ലുവിളിച്ചു.
റഷ്യന്‍ പാസ്‌പോര്‍ട്ടുള്ള സിറിയന്‍ പൗരനായ ജോര്‍ജ് ഹാസ്വാനിയാണ് എണ്ണ വ്യാപരത്തിന്റെ ഇടനിലക്കാരനെന്നും എര്‍ദോഗന്‍ ആരോപിയ്ക്കുന്നു.
ഐസിസുമായുള്ള എണ്ണ വ്യാപാരത്തിന്റെ പേരിലാണ് തുര്‍ക്കി അവരെ സംരക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നതെന്നും റഷ്യ ആരോപിച്ചിരുന്നു. റഷ്യയുടെ യുദ്ധ വിമാനം തുര്‍ക്കി വെടിവച്ചിട്ട സംഭവത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്‌പോര് ദിനംപ്രതി മൂക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല