സ്വന്തം ലേഖകന്‍: യുക്രൈന്‍ പ്രശ്‌നത്തില്‍ റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം തുടരാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. ജനുവരി 31 വരെ ഉപരോധം നീട്ടാന്‍ കഴിഞ്ഞയാഴ്ച എടുത്ത തീരുമാനം മന്ത്രിമാരുടെ യോഗം ശരിവച്ചു. കിഴക്കന്‍ യുക്രൈനിലെ അസ്ഥിരത റഷ്യയുടെ ഇടപെടല്‍ മൂലമാണെന്നാന്നാരോപിച്ചാണ് യൂറോപ്യന്‍ യൂണിയന്‍ വിദേശമന്ത്രിമാരുടെ യോഗം ഉപരോധം ആറുമാസം കൂടി നീട്ടിയത്.
പാശ്ചാത്യ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കു നിരോധനം ഏര്‍പ്പെടുത്തി ബദല്‍ ഉപരോധം പ്രഖ്യാപിച്ചാണ് റഷ്യ തിരിച്ചടിച്ചത്. ഒപ്പം, 2018 ഫിഫ ലോകകപ്പിന് മാറ്റിവക്കുന്ന തുകയില്‍ നിന്ന് 56 കോടി ഡോളര്‍ വെട്ടിക്കുറക്കാനും തീരുമാനിച്ചു. ഒരു വര്‍ഷം പിന്നിടുന്ന സാമ്പത്തിക ഉപരോധം റഷ്യന്‍ കറന്‍സിയുടെ മൂല്യം ഇടിയാനും കാരണമായിട്ടുണ്ട്. ഉപരോധം ദീര്‍ഘിപ്പിച്ചതോടെയാണ് ലോകകപ്പ് ചെലവുകള്‍ വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന.
എന്നാല്‍ സ്റ്റേഡിയം നവീകരണത്തെയും കെട്ടിടനിര്‍മാണങ്ങളെയും ചെലവു വെട്ടിക്കുറക്കല്‍ നടപടി ബാധിക്കില്ലെന്നു റഷ്യന്‍ കായികമന്ത്രി വിറ്റാലി മുക്തോ അറിയിച്ചു. റഷ്യ തന്നെ 2018 ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുമെന്ന് പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും വ്യക്തമാക്കി.
ഉപരോധനടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഫ്രാന്‍സ്, ജര്‍മനി, യുക്രെയ്ന്‍, റഷ്യ എന്നീ രാജ്യങ്ങളുടെ വിദേശമന്ത്രിമാര്‍ ഇന്നു പാരിസില്‍ യോഗം ചേരുന്നുണ്ട്. കിഴക്കന്‍ യുക്രെയ്‌നിലെ വിമതര്‍ക്കു പിന്തുണ നല്‍കിയതും യുക്രെയ്ന്‍ പ്രദേശമായ ക്രൈമിയയെ റഷ്യയോടു കൂട്ടിച്ചേര്‍ത്തതുമാണ് റഷ്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം വഷളാക്കിയത്.
റഷ്യന്‍ പിന്തുണയുള്ള യുക്രെയ്ന്‍ വിമതര്‍ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 17 യാത്രാവിമാനം വെടിവച്ചിട്ടതോടെയാണു 28 രാജ്യങ്ങള്‍ അടങ്ങുന്ന യൂറോപ്യന്‍ യൂണിയന്‍ 2014 ജൂലൈയില്‍ ഒരു വര്‍ഷത്തെ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തിയത്. ഊര്‍ജം, പ്രതിരോധം, സാമ്പത്തിക മേഖലകളിലാണ് ഉപരോധം.
റഷ്യന്‍ അനുകൂലിയായ യുക്രെയ്ന്‍ പ്രസിഡന്റ് വിക്തര്‍ യാനുകോവിച്ച് പുറത്തായതിനു പിന്നാലെ 2014 മാര്‍ച്ചിലാണ് പുടിന്‍ ഭരണകൂടം ക്രൈമിയയെ റഷ്യയോടു കൂട്ടിച്ചേര്‍ത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല