സ്വന്തം ലേഖകൻ: തങ്ങളുടെ രാജ്യത്തെ റഷ്യന്‍ കടന്നുകയറ്റത്തെ അതിനിശിതമായി വിമര്‍ശിച്ച് യുക്രൈന്‍ വിദേശകാര്യ സഹമന്ത്രി എമൈന്‍ ജാപറോവ. നാലുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ യുക്രൈന്‍ വിദേശകാര്യമന്ത്രി, റഷ്യ തങ്ങളെ കൊള്ളയടിക്കുന്നതായി ആരോപിച്ചു. യുക്രൈനിലെ വീടുകളില്‍നിന്ന് ക്ലോസറ്റുകള്‍ പോലും റഷ്യന്‍ സൈനികര്‍ കടത്തിക്കൊണ്ടുപോകുന്നതായി ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കവേ അവര്‍ കുറ്റപ്പെടുത്തി.
‘ഭാര്യയും മാതാവുമായുള്ള പല റഷ്യന്‍ സൈനികരുടേയും ഫോണ്‍ സംഭാഷണം ചോര്‍ത്തിയപ്പോള്‍, യുക്രൈനില്‍നിന്ന് എന്തെല്ലാം കടത്തിക്കൊണ്ടുപോകാന്‍ കഴിയുമെന്ന് അവര്‍ ചര്‍ച്ച ചെയ്യുന്നതായി ഞങ്ങള്‍ക്ക് മനസിലായി. ചിലസമയത്ത് അവര്‍ ശൗചാലയത്തിലെ ക്ലോസറ്റുകള്‍ പോലും കടത്തിക്കൊണ്ടുപോകുന്നു. 2022 ഫെബ്രുവരി 24-ന് റഷ്യ ആക്രമണം ആരംഭിച്ച ശേഷം തങ്ങള്‍ക്ക് എല്ലാം നഷ്ടമായി. പതിനൊന്ന് വയസുള്ള ആണ്‍കുട്ടി മാതാവിന്റെ മുന്നില്‍വെച്ച് പീഡിപ്പിക്കപ്പെടുകയും കുട്ടിയുടെ സംസാരിക്കാനുള്ള ശേഷി നഷ്ടപ്പെടുകപോലുമുണ്ടായി,’ എമൈന്‍ പറഞ്ഞു.
ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ കീവ് സന്ദര്‍ശിക്കാന്‍ അവര്‍ ക്ഷണിച്ചു. ഡോവല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ മോസ്‌കോ സന്ദര്‍ശിക്കുകയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമില്‍ പുതിനുമായി സംസാരിക്കുകയും ചെയ്തിരുന്നു. ‘അജിത് ഡോവലിന്റെ സന്ദര്‍ശനം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. റഷ്യ സന്ദർശിക്കാൻ കൂടുതൽ സമയമുണ്ട്. എന്നാല്‍, ഞങ്ങള്‍ ഒരു യുദ്ധത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഞങ്ങള്‍ക്ക് പ്രതിരോധിക്കേണ്ടതുണ്ട്. ചിലപ്പോള്‍ നിങ്ങള്‍ക്ക് ചിലകാര്യങ്ങള്‍ ചെയ്യണമെന്നുണ്ടാവും എന്നാല്‍ സാധിക്കുന്നുണ്ടാവില്ല. സൗഹൃദത്തിന്റെ അടയാളമാണ് എന്റെ ഇന്ത്യാ സന്ദര്‍ശനം. ഇന്ത്യയുമായി കൂടുതല്‍ മെച്ചപ്പെട്ട സൗഹൃദം ഞങ്ങള്‍ ആഗ്രഹിക്കുന്നു. തിരിച്ചും അങ്ങനെയുണ്ടാവുമെന്ന് ഞങ്ങള്‍ കരുതുന്നു. കീവിലേക്ക് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ക്ഷണിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ,’ അവര്‍ വ്യക്തമാക്കി.
യുക്രൈനിലെ പൗരന്മാര്‍ പ്രധാനമന്ത്രി മോദിയുടേതടക്കം വിവിധ ലോകനേതാക്കളുടെ വാക്കുകളും അജിത് ഡോവല്‍ അടക്കമുള്ളവരുടെ യാത്രകളും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മൂന്ന് തവണയാണ് അദ്ദേഹം മോസ്‌കോ സന്ദര്‍ശിച്ചത്. അദ്ദേഹം കീവിലേക്കും വരുമോയെന്ന ചോദ്യം ഉയർത്തുന്നില്ലെങ്കിലും ഇന്ത്യയിലെ നേതാക്കളേയും ഉദ്യോഗസ്ഥരേയും യുക്രൈയിനിലേക്ക് ക്ഷണിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്നും എമൈന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല