1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2023

സ്വന്തം ലേഖകൻ: ലോകത്തെ വന്‍ശക്തികളുടെയെല്ലാം സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം വര്‍ദ്ധിപ്പിച്ചു കൊണ്ട് റഷ്യ-യുക്രെയ്ന്‍ യുദ്ധം 500-ാം ദിവസത്തിലേക്ക്. ലോകത്തെ പിടിച്ചു കുലുക്കിയ സംഘര്‍ഷഭരിതമായ 500 ദിവസങ്ങള്‍ ലോകരാഷ്ട്രീയത്തിലും വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്. അമേരിക്കയുടെ നേതൃത്വത്തില്‍ നാറ്റോയും പാശ്ചാത്യ ശക്തികളും യുക്രെയ്‌നെ സാമ്പത്തികമായും സൈനികമായും സഹായിക്കുമ്പോള്‍ റഷ്യയ്ക്ക് പ്രത്യക്ഷ പിന്തുണ നല്‍കാന്‍ ലോകരാജ്യങ്ങളൊന്നും രംഗത്ത് വന്നിട്ടില്ല.

എന്നാല്‍ ചൈന, ഇറാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ റഷ്യയെ പരോക്ഷമായി പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തെ മറികടന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണ അടക്കമുള്ള പ്രകൃതിവാതകങ്ങള്‍ വാങ്ങുന്നുണ്ട്. യൂറോപ്പിലെ വ്യാവസായിക ശക്തിയായ ജര്‍മ്മനി അടക്കമുള്ള രാജ്യങ്ങള്‍ ഊര്‍ജ്ജാവശ്യത്തിനായി റഷ്യയെയാണ് ആശ്രയിക്കുന്നത്. റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം യൂറോപ്പ് നേരിടുന്ന ഉര്‍ജ്ജ പ്രതിസന്ധി യുറോപ്പിലെ വന്‍ശക്തികളെ അടക്കം സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എളുപ്പത്തില്‍ യുക്രെയ്നെ കീഴടക്കണമെന്ന് കണക്കുകൂട്ടി യുദ്ധത്തിനിറങ്ങിയ റഷ്യന്‍ പ്രസിഡണ്ട് വ്ലാദിമിര്‍ പുടിന് അടിപതറുന്ന കാഴ്ചയാണ് യുദ്ധത്തിന്റെ 500-ാം ദിനം സമ്മാനിക്കുന്നത്. റഷ്യന്‍ സൈന്യത്തിലും ഭരണസംവിധാനങ്ങളിലും പുടിന്റെ അപ്രമാദിത്തം ചോദ്യം ചെയ്യുന്ന നിലയിലേക്ക് റഷ്യയിലെ ആഭ്യന്തരരാഷ്ട്രീയം മാറിയിട്ടുണ്ട്.

റഷ്യയിലെ സൈനിക നേതൃത്വത്തിനിടയില്‍ പുടിന്‍ അനുകൂലികളും പുടിന്‍ വിരുദ്ധരുമുണ്ടെന്ന് വെളിപ്പെട്ടിരിക്കുന്നു. യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തിന് തുണയായ വാഗ്നര്‍ കൂലിപ്പട്ടാളം പുടിന്റെ സൈനിക നേതൃത്വത്തിനെതിരെ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഒരുഘട്ടത്തില്‍ ആഭ്യന്തര സംഘര്‍ത്തിലേക്ക് നീങ്ങുന്നുവെന്ന പ്രതീതി ജനിപ്പിക്കാനും വാഗ്നര്‍ കലാപത്തിന് സാധിച്ചിരുന്നു. ആദ്യഘട്ടത്തില്‍ വാഗ്നര്‍ കൂലിപ്പട്ടാളത്തിനെതിരെ കര്‍ശന നടപടിയുടെ സൂചന നല്‍കിയ പുടിന്‍ പിന്നീട് പ്രശ്‌നപരിഹാരത്തിനായി മൃദുസമീപനം സ്വീകരിക്കുകയായിരുന്നു. ‘പോസ്റ്റ് വാഗ്നര്‍ കലാപ’ സാഹചര്യത്തെ പുട്ടിന്‍ ദുര്‍ബലപ്പെടുത്തുന്നു എന്ന നിലയിലാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അതേസമയം യുദ്ധം തുടങ്ങിയ സമയത്ത് ആഗ്രഹിച്ച നിലയിലേക്ക് റഷ്യയെ പ്രതിസന്ധിയിലാക്കാന്‍ അമേരിക്കക്ക് സാധിച്ചിട്ടില്ല. ഇതിനിടയിലാണ് ഏറ്റവും ഒടുവില്‍ യുക്രെയ്‌ന് വിനാശകാരികളായ ക്ലസ്റ്റര്‍ ബോംബുകള്‍ നല്‍കാന്‍ അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. ക്ലസ്റ്റര്‍ ബോംബുകള്‍ യുക്രെയ്‌ന് സ്വന്തമാകുന്നതോടെ റഷ്യ-യുക്രെയ്ന്‍ യുദ്ധം മറ്റൊരു തലത്തിലേക്ക് മാറുമെന്ന് തീര്‍ച്ചയാണ്. വിനാശകാരിയായ ആയുധങ്ങളുടെ ഗണത്തില്‍ വരുന്ന ക്ലസ്റ്റര്‍ ബോംബുകളുടെ ഉപയോഗം പൊതുവെ മനുഷ്യത്വ ധ്വംസനമായാണ് വിലയിരുത്തപ്പെടുന്നത്.

അതിനാല്‍ തന്നെ അമേരിക്കയുടെ തീരുമാനത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ യുക്രെയ്‌ന് ക്ലസ്റ്റര്‍ ബോംബുകള്‍ നല്‍കുമെന്ന ഉറച്ച നിലപാടിലാണ് ബൈഡന്‍. ഫ്രാന്‍സും ചൈനയുമെല്ലാം റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സമാധാന ഫോര്‍മുലകള്‍ ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതിന് ഇടയിലാണ് അമേരിക്ക യുക്രെയ്‌ന് കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്നത്. 500 ദിവസം പിന്നിട്ട യുദ്ധം അനിശ്ചിതമായി നീളുമെന്നാണ് അമേരിക്കയുടെ ഇടപെടല്‍ നല്‍കുന്ന സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.