സ്വന്തം ലേഖകന്‍: സിറിയയിലെ രാസായുധ ആക്രമണം, അന്വേഷണം ആവശ്യപ്പെട്ടുള്ള യുഎന്‍ പ്രമേയം റഷ്യ വീറ്റോ ചെയ്തു, വിമര്‍ശനവുമായി യുഎസും ബ്രിട്ടനും, രാസായുധ ആക്രമണം വെറും കെട്ടുകഥയാണെന്ന് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദ്. സംഭവത്തില്‍ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടുള്ള ഐക്യരാഷ്ട്ര സംഘടനയുടെ അന്വേഷണ പ്രമേയം റഷ്യ വീറ്റോ ചെയ്തപ്പോള്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനെതിരേ അന്വേഷണം വേണമെന്ന് ഫ്രാന്‍സും യുഎസും ബ്രിട്ടനും വാദിച്ചു.
ചൈന വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. യുഎന്‍ രക്ഷാസമിതിയില്‍ ഇത് എട്ടാം തവണയാണ് സിറിയയ്ക്ക് അനുകൂല നിലപാടുമായി റഷ്യ രംഗത്തുവരുന്നത്. അന്വേഷണ പ്രമേയം റഷ്യ വീറ്റോ ചെയ്തതോടെ യുഎസ് റഷ്യ ബന്ധം വീണ്ടും ഉലഞ്ഞു. റഷ്യയുടെ നിലപാടിനെതിരേ രൂക്ഷ പ്രതികരണവുമായി യുഎന്നിലെ അമേരിക്കന്‍ സ്ഥാനപതി നിക്കി ഹേലി രംഗത്തുവന്നു.
സിറിയയുടെ നടപടി അനുകൂലിക്കുന്നതുവഴി റഷ്യ രാജ്യാന്തര സമൂഹത്തിനു മുന്നില്‍ ഒറ്റപ്പെട്ടതായി നിക്കി ഹേലി പറഞ്ഞു. റഷ്യന്‍ നിലപാടിനെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വിമര്‍ശിച്ചു. സിറിയയിലെ രാസായുധ ആക്രമണത്തെക്കുറിച്ച് റഷ്യയ്ക്കു അറിവുണ്ടായിരുന്നതായി സംശയമുണ്ടെന്നു ട്രംപ് ആരോപിച്ചു.
അതേസമയം സിറിയയില്‍ തങ്ങള്‍ നടത്തിയെന്നാരോപിക്കുന്ന രാസായുധ ആക്രമണം യുഎസിന്റെ കെട്ടുകഥയെന്ന് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദ് വ്യക്തമാക്കി. സിറിയയില്‍ അമേരിക്ക നടത്തിയ മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് ഈ കെട്ടുകഥയെന്നും ബാഷര്‍ ആരോപിച്ചു. ആക്രമണവുമായി ബന്ധപ്പെട്ടു പ്രചരിച്ച വീഡിയോകള്‍ വ്യാജമാണെന്നും സിറിയന്‍ പ്രസിഡന്റ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല