സ്വന്തം ലേഖകൻ: ഇന്ത്യയിലും റഷ്യയിലുമുള്ള വിനോദസഞ്ചാരികൾക്ക് വീസയില്ലാതെ ഇരു രാജ്യങ്ങളിലേക്കും യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കാൻ റഷ്യ. ഇത് സംബന്ധിച്ച് ഇന്ത്യയ്ക്ക് മുന്നിൽ നിർദേശം സമർപ്പിച്ചതായി റഷ്യൻ സാമ്പത്തിക വികസന മന്ത്രി മാക്സിം റെഷെത്നിക്കോവ് പറഞ്ഞു. അഞ്ച് പേരടങ്ങുന്ന സംഘത്തിനാണ് വീസയില്ലാതെ യാത്രാനുമതി നൽകുന്നത്. ചൈനയുമായി സമാനമായ ഒരു പദ്ധതി മോസ്കോ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും റെഷെത്നിക്കോവ് പറഞ്ഞു.
‘അടുത്തത് ഇന്ത്യയാണ്. ഞങ്ങൾ ഒരു നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്. തൽക്കാലം അത് നയതന്ത്ര മാർഗങ്ങളിലൂടെയാണ് ചർച്ച ചെയ്യുന്നത്. ഞങ്ങൾ അതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കും,’ അദ്ദേഹം റഷ്യ 24 ടിവിയോട് പറഞ്ഞു. യുക്രൈൻ സംഘർഷവും കൊവിഡും രാജ്യത്തേക്കുള്ള വിനോദസഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടുണ്ടെന്നും അത് പുനഃസ്ഥാപിക്കുക എന്ന വെല്ലുവിളി രാജ്യത്തെ ടൂറിസം വ്യവസായം നേരിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഓഗസ്റ്റ് ഒന്ന് മുതൽ ബിസിനസ് യാത്രകൾ, വിനോദസഞ്ചാരം, എന്നിവയ്ക്കുള്ള യാത്രാനുമതി വേഗത്തിൽ ലഭിക്കുന്നതിന് ഇ-വീസ റഷ്യ നൽകിയിരുന്നു. ഇന്ത്യ ഉള്‍പ്പടെ 52 രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ ഇ-വീസ സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയും. വിനോദസഞ്ചാരികൾക്ക് ഒരേസമയം 16 ദിവസം രാജ്യത്ത് തങ്ങാൻ കഴിയും. ചില രാജ്യങ്ങളിലെ പൗരന്മാർക്ക് ഹോട്ടൽ റിസർവേഷൻ നടത്തിയാൽ ആറ് മാസം വരെ ടൂറിസ്റ്റ് വീസ ലഭിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ സൗകര്യം ഡോക്യുമെന്റേഷൻ പ്രക്രിയയും പ്രോസസ്സിംഗ് സമയവും കുറയ്ക്കുകയും ചെയ്യും.
യുക്രൈനിലെ യുദ്ധം റഷ്യൻ വിനോദസഞ്ചാര മേഖലയെ ഏറെ ബാധിച്ചിരുന്നു. റഷ്യയിലേക്കുള്ള വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 2021-ൽ 2,90,000 ആയിരുന്നത് 2022-ൽ 1,90,000 ആയി 40 ശതമാനം കുറഞ്ഞതായി മോസ്കോ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല