യൂറോ കപ്പില്‍ റഷ്യന്‍ ടീമിന്റ പടയോട്ടം തുടങ്ങി. കഴിഞ്ഞ സീസണിലെ സെമിഫൈനലിസ്റ്റുകളായ റഷ്യ ഒന്നിനെതിരേ നാലുഗോളുകള്‍ക്ക് കരുത്തരായ ചെക് റിപബ്ലിക്കിനെയാണ് തകര്‍ത്തത്.ഹോളണ്ട് പരിശീലകനായ ഡിക് അഡ്വക്കാറിന്റെ പരിശീലനമികവില്‍ പോളണ്ടിലെത്തിയ ടീം വിസ്മയങ്ങള്‍ സൃഷ്ടിയ്ക്കുമെന്ന ആരാധകരുടെ പ്രതീക്ഷകള്‍ സത്യമാക്കുന്നതായിരുന്നു പ്രകടനം. സഗയോവ് (രണ്ടും) പാവ്‌ലിയുചെങ്കോ, റോമന്‍ ഷിറകോവ് എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്.
അര്‍ഷാവിനും കെര്‍ഷകോവും തുടക്കം മുതല്‍ മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. 14ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. കെര്‍ഷകോവ് ഹെഡ്ഡറിലൂടെ പോസ്റ്റിലേക്ക് നയിച്ച ബോളിന്റെ തിരിച്ചുവരവില്‍ നിന്നും സഗയോവ് വലകുലുക്കി.
അര്‍ഷാവിന്റെ പാസ്സില്‍ നിന്നായിരുന്നു രണ്ടാമത്തെ ഗോള്‍. പാസ് ലഭിച്ച ഷിറോകോവ് ഗോളി പീറ്റര്‍ ചെക്കിന്റെ തലയ്ക്കു മുകളിലൂടെ അത് ചെത്തിയിറക്കി. സ്‌കോര്‍: 2-0. 51ാം മിനിറ്റിലായിരുന്നു ചെക്കിന്റെ ആശ്വാസ ഗോള്‍. പ്ലാസില്‍സിന്റെ അതിവേഗതയിലുള്ള കുതിപ്പില്‍ നിന്നും പിലാറാണ് വലകുലുക്കിയത്.
77ാം മിനിറ്റില്‍ സഗയോവ് തന്റെ രണ്ടാം ഗോള്‍ നേടി. സിര്‍കോവ് പോസ്റ്റിലേക്ക് പായിച്ച ഷോട്ട് ചെക് തട്ടിയകറ്റിയതിനെ തുടര്‍ന്നുള്ള കോര്‍ണര്‍. സഗയോവിന്റെ വെടിയുണ്ട കണക്കെയുള്ള ഷോട്ട്. സ്‌കോര്‍: 3-1. 81ാം മിനിറ്റില്‍ ബോക്‌സിനുള്ളിലേക്ക് ഇറങ്ങി ചെന്ന പാവ്‌ലിയുചെങ്കോ പോസ്റ്റിലേക്ക് പ്ലേസ് ചെയ്യുമ്പോള്‍ അതിനു മറുപടി നല്‍കാന്‍ ചെക് താരങ്ങള്‍ക്കായില്ല.
ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ പോളണ്ട് മുന്‍ ചാംപ്യന്മാരായ ഗ്രീസിനെ പിടിച്ചുകെട്ടി. പോളണ്ടിനുവേണ്ടി റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും ഗ്രീസിനു വേണ്ടി ദിമിത്രിസ് സല്‍പിഗിഡിസാസുമാണ് ഗോള്‍ നേടിയത്. ഓരോ താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനാല്‍ ഇരു ടീമുകളും പത്തുപേരുമായാണ് കളി പൂര്‍ത്തിയാക്കിയത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല