സ്വന്തം ലേഖകന്‍: റോണാള്‍ഡോ 3, സ്‌പെയിന്‍ 3, ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ ഹാട്രിക്കിന്റെ ബലത്തില്‍ പോര്‍ച്ചുഗല്‍ സ്‌പെയിനിനെ പിടിച്ചുകെട്ടി; സെല്‍ഫ് ഗോളില്‍ രക്ഷപ്പെട്ട ഇറാന്‍; മിന്നല്‍ ഹെഡറുമായി യുറേഗ്വായ്. റൊണാള്‍ഡോയും സ്‌പെയിനും തമ്മിലായിരുന്നു കഴിഞ്ഞ ദിവസം മത്സരം. സ്പാനിഷ് താരങ്ങളുടെ കടുത്ത മാര്‍ക്കിങ്ങിനെ വേഗതകൊണ്ട് മറികടന്ന ക്രിസ്റ്റാനോ റൊണാള്‍ഡോ ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കും സ്വന്തം പേരിലാക്കി.
റൊണാള്‍ഡോയുടെ മികവില്‍ സ്‌പെയിനെതിരെ പോര്‍ച്ചുഗല്‍ വിജയത്തോളം പോന്ന സമനില പിടിക്കുകയും ചെയ്തു. മൂന്നു ഗോള്‍ വീതമടിച്ചാണ് ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞത്. മല്‍സരം അവസാനിക്കാന്‍ രണ്ടു മിനിറ്റ് ബാക്കിനില്‍ക്കെ ട്രേഡ്മാര്‍ക്ക് ഫ്രീകിക്ക് ഗോളിലൂടെ ഹാട്രിക് തികച്ചാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിന് സമനില സമ്മാനിച്ചത്.
ഗ്രൂപ്പ് ബിയിലെ മൊറോക്കോ ഇറാന്‍ പോരാട്ടത്തില്‍ അവസാന നിമിഷം വഴങ്ങിയ സെല്‍ഫ് ഗോളിലൂടെ മൊറോക്കോ തോല്‍വിയേറ്റുവാങ്ങി. ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ മൊറോക്കോ താരം അസീസ് ബുഹാദോസാണ് സെല്‍ഫ് ഗോള്‍ വഴങ്ങി ടീമിന് പരാജയം സമ്മാനിച്ചത്. മൊറോക്കോയാണ് കളിയിലുടനീളം ആധിപത്യം പുലര്‍തയതെങ്കിലും അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ കഴിയാതെ പോയത് വിനയായി.
മല്‍സരം തീരാന്‍ രണ്ടു മിനിറ്റ് ശേഷിക്കെ 88 മത്തെ മിനിറ്റില്‍ ഹോസെ ജിമെനെസ് നേടിയ ഗോളില്‍ ഈജിപ്തിനെതിരെ യുറഗ്വായ് ജയിച്ചു കയറി. സൂപ്പര്‍ താരം മുഹമ്മദ് സലായുടെ അസാന്നിധ്യത്തിലും അവസാന നിമിഷം വരെ പൊരുതിയാണ് തോറ്റതെന്നതില്‍ ഈജിപ്തിന് ആശ്വസിക്കാം. മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. ഇരു ടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ വല കുലുങ്ങിയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല