1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2024

സ്വന്തം ലേഖകൻ: സുരക്ഷാജോലിക്കെന്നു പറഞ്ഞ് അഞ്ചുതെങ്ങ് സ്വദേശികളായ മൂന്നു യുവാക്കളെ റഷ്യയിലെത്തിച്ച് സൈന്യത്തിൽ ചേർത്തു. യുക്രൈനുമായുള്ള യുദ്ധത്തിനിടെ ഇവരിലൊരാൾക്ക് തലയ്ക്കു വെടിയേൽക്കുകയും ബോംബുപൊട്ടി കാലിനു ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തു. മറ്റു രണ്ടുപേർ ഇപ്പോഴും റഷ്യൻ സൈനിക ക്യാമ്പുകളിലാണ്.

അഞ്ചുതെങ്ങ് കൊപ്രാക്കൂട് പുരയിടത്തിൽ പരേതനായ പനിയടിമയുടെയും ബിന്ദുവിന്റെയും മകൻ ടിനു(25), കൊപ്രാക്കൂട് പുരയിടത്തിൽ സെബാസ്റ്റ്യൻ-നിർമല ദമ്പതിമാരുടെ മകൻ പ്രിൻസ്(24), അഞ്ചുതെങ്ങ് കൃപാനഗർ കുന്നുംപുറത്ത് സിൽവ-പനിയമ്മ ദമ്പതിമാരുടെ മകൻ വിനീത്(22) എന്നിവരാണ് വഞ്ചിതരായത്.

പ്രിൻസിനാണ് യുദ്ധത്തിൽ പരിക്കേറ്റത്. ഇയാൾ ഒരുമാസത്തെ ആശുപത്രിവാസത്തിനു ശേഷം മോസ്കോയിൽ വിശ്രമത്തിലാണെന്നാണ് വീട്ടുകാർക്കു ലഭിച്ച വിവരം. മറ്റു രണ്ടുപേരും സൈനികത്താവളങ്ങളിലാണെന്നു മാത്രമേ അറിയൂ. കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ഇവരെ നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന ആവശ്യവുമായി കുടുംബങ്ങൾ സർക്കാരിനെ സമീപിച്ചു.

തുമ്പ സ്വദേശിയാണ് റഷ്യയിലേക്ക്‌ സുരക്ഷാജീവനക്കാരുടെ വീസ നൽകാമെന്നുപറഞ്ഞ് ഇവരെ സമീപിച്ചതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ഓരോരുത്തരിൽനിന്നും ഏഴു ലക്ഷം രൂപ വീതം ഇയാൾ കൈപ്പറ്റി. പ്രതിമാസം 2.5 ലക്ഷം രൂപയാണ് ശമ്പളം വാഗ്ദാനം ചെയ്തത്. നാട്ടിലെ കടങ്ങൾ വീട്ടി കുടുംബത്തെ കരകയറ്റാമെന്ന പ്രതീക്ഷയിലാണ് മൂന്നുപേരും റഷ്യയിലേക്കു പോയത്.

ജനുവരി മൂന്നിനാണ് ഇവർ പോയത്. അവിടെയെത്തിയ ശേഷം വീട്ടുകാരുമായി ഒന്നുരണ്ടു തവണ മാത്രമേ ബന്ധപ്പെടാനായിട്ടുള്ളൂ. പ്രിൻസിനു വെടിയേറ്റതായി വിവരം ലഭിച്ചത് ഫെബ്രുവരി ആറിനാണ്. മൂവരും വഞ്ചിക്കപ്പെട്ടുവെന്നും അപകടത്തിലാണെന്നും കുടുംബാംഗങ്ങൾ മനസ്സിലാക്കിയതങ്ങനെയാണ്.തുടർന്ന് ജനപ്രതിനിധികളെ വിവരമറിയിച്ചു. പത്താംക്ലാസ്‌ വരെ വിദ്യാഭ്യാസമുള്ള മൂന്നുപേരും മത്സ്യബന്ധത്തിനു പോയാണ് കുടുംബം നോക്കിയിരുന്നത്.

അഞ്ചുതെങ്ങിൽനിന്ന്‌ മൂന്നു യുവാക്കളെ റഷ്യയിലെത്തിച്ച തുമ്പ സ്വദേശി കൂടുതൽ യുവാക്കളെ റഷ്യയിലേക്കു കൊണ്ടുപോയതായി സൂചന.പുതുക്കുറിച്ചിയിൽനിന്ന്‌ പതിനഞ്ചോളം പേരെയാണ് ഇയാൾ റഷ്യയിലെത്തിച്ചത്.ഓരോരുത്തരിൽനിന്നും ഏഴു ലക്ഷം രൂപ വീതം വാങ്ങിയിട്ടാണ് കയറ്റിയയച്ചത്.

അവിടെയെത്തിയപ്പോൾ കരാർ ഒപ്പിടണമെന്ന് യുവാക്കളോടാവശ്യപ്പെട്ടു. സംശയം തോന്നിയ യുവാക്കൾ ഒപ്പിടാൻ കഴിയില്ലെന്നറിയിച്ചു.തുടർന്ന് ഇവരെ തിരികെ നാട്ടിലേക്കു കയറ്റിവിട്ടു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് സി.ബി.ഐ. അന്വേഷണം നടത്തുന്നതായും സൂചനയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.