സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ കൈകടത്തല്‍, റഷ്യക്ക് ശക്തമായ മുന്നറിയിപ്പുമായി ഒബാമ. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചാല്‍ ശക്തമായി നടപടി സ്വീകരിക്കുമെന്ന് റഷ്യയ്ക്ക് ഒബാമ മുന്നറിയിപ്പ് നല്‍കി.
ഇത്തരം നടപടികളില്‍ ഭാഗഭാക്കായാല്‍ ഏതൊരു വിദേശ ശക്തിയായാലും അവര്‍ക്കെതിരേ ഒളിഞ്ഞോ തെളിഞ്ഞോ നടപടി സ്വീകരിച്ചെന്ന് വരാമെന്നും അത് എപ്പോഴാണെന്നോ എന്തായിരിക്കുമെന്നോ പറയാന്‍ കഴിയില്ലെന്നും ഒബാമ പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനോട് ഇക്കാര്യങ്ങള്‍ നേരത്തേ സംസാരിച്ചിട്ടുള്ള കാര്യമാണെന്നും ഒബാമ വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം ഇടപെടല്‍ നടത്തിയതായുള്ള വിവരം കഴിഞ്ഞ ദിവസം അമേരിക്ക പുറത്തു വിട്ടിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെത് ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും വിവരങ്ങള്‍ ഹാക്ക് ചെയ്ത് ട്രംപിന് അനുകൂലമായി ഉപയോഗിച്ചെന്നായിരുന്നു റഷ്യയ്‌ക്കെതിരേ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
പ്രചരണത്തിനിടയില്‍ ഡെമോക്രാറ്റിക് പ്രവര്‍ത്തകരുടെയും വിവിധ സംഘടനകളുടെയും ഇമെയിലുകള്‍ റഷ്യ ചോര്‍ത്തിയതായാണ് സൂചന. ഈ പ്രവര്‍ത്തനത്തിന് പ്രസിഡന്റ് പുടിന്‍ നേരിട്ട് മേല്‍നോട്ടം നല്‍കിയതായും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം വൈറ്റ് ഹൗസ് നടത്തുന്ന വെറും അപവാദ പ്രചാരണമാണ് ഇതെന്നാണ് റഷ്യയുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല